ഹൈദരാബാദിൽ 14കാരൻ 10വയസുകാരിയെ കുത്തിക്കൊന്നു
ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ 14 വയസ്സുകാരൻ 10കാരിയെ കുത്തികൊലപ്പെടുത്തി. സഹസ്രയെന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. അയൽവാസിയുടെ വീട്ടിൽ നിന്നും ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. സഹസ്രയെ പ്രതി 21 തവണ കുത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ആഗസ്റ്റ് 18-നാണ് കൊലപാതകം നടന്നത്. ആറാം ക്ലാസുകാരിയായ സഹസ്ര വീട്ടിൽ ഒറ്റയ്ക്കായിരുന്നു. മാതാപിതാക്കൾ ജോലിക്ക് പോയി, സഹോദരൻ സ്കൂളിലും പോയിരുന്നു. ഉച്ചയ്ക്ക് തിരിച്ചെത്തിയ പിതാവാണ് മകളെ മരിച്ച നിലയിൽ കണ്ടത്.
സംഭവത്തിനുശേഷം പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ച പൊലീസ് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ കണ്ടെത്തിയത്. കൊലപ്പെടുത്തിയ 10 വയസുകാരിയുടെ സഹോദരനൊപ്പം ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്ന ബാലനാണ് പ്രതി. സംഭവം നടക്കുന്നതിന് മുൻദിവസവും ഇരുവരും ഒരുമിച്ച് ക്രിക്കറ്റ് കളിച്ചിരുന്നു. പിന്നീട് സഹോദരന്റെ ബാറ്റ് മോഷ്ടിക്കാൻ എത്തിയപ്പോൾ സഹസ്ര വീട്ടിൽ പ്രതിയെ കണ്ടു. ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് കൊലപാതകത്തിലേക്ക് വഴിമാറിയിരിക്കാമെന്നാണ് പൊലീസ് സൂചന. എന്നാൽ, ബാറ്റ് മോഷ്ടിക്കാനെത്തിയ ബാലന്റെ കൈയിൽ കത്തി എങ്ങനെ എത്തിയതെന്ന് വ്യക്തമല്ല.
പുസ്തകങ്ങളിൽ നിന്ന് ലഭിച്ച കുറിപ്പുകളിലൂടെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, സഹസ്രയുടെ ശരീരത്തിൽ ആകെ 21 കുത്തേറ്റതായും, കഴുത്തിൽ മാത്രം 10 കുത്തുകൾ ഉണ്ടായിരുന്നുവെന്നും പറയുന്നു.
Tag: 14-year-old stabs 10-year-old girl to death in Hyderabad