ഗുരുവായൂർ ഇല്ലംനിറ പൂജ; കൊടിമരച്ചുവട്ടിൽ നടത്താനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി
ഗുരുവായൂരിലെ ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടിൽ നടത്താനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി. പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങളാണ് നടപടി ചോദ്യം ചെയ്ത് ഹർജി സമർപ്പിച്ചത്.
ഇതിനിടെ, ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് സ്വന്തം വാദം കേൾക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ തടസഹർജി ഫയൽ ചെയ്തു. മുൻപ് നമസ്കാര മണ്ഡപത്തിലാണ് ഇല്ലംനിറ പൂജ നടക്കാറുണ്ടായിരുന്നത്. എന്നാൽ തിരക്ക് നിയന്ത്രിക്കാനെന്ന വ്യാഖ്യാനത്തോടെയാണ് ദേവസ്വം ബോർഡ് പൂജ കൊടിമരച്ചുവട്ടിലേക്ക് മാറ്റിയത്. തന്ത്രിയുടെ അനുമതിയോടെയാണ് മാറ്റം നടപ്പാക്കിയതെന്നും അത് ദൈവഹിതത്തിനനുസരിച്ചുള്ള നടപടിയാണെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു.
എന്നാൽ, ഇല്ലംനിറ പൂജ ക്ഷേത്രാചാരത്തിന്റെ ഭാഗമാണെന്ന് തന്ത്രി കുടുംബാംഗങ്ങൾ സുപ്രീംകോടതിയെ അറിയിച്ചു. പൂജാസാധനങ്ങൾ പുറത്തുവെച്ച് പാകം ചെയ്ത് ശ്രീകോവിലിലേക്ക് പ്രവേശിപ്പിക്കുന്നത് ആചാരലംഘനമാണെന്നും, ശ്രീകോവിലിന് പുറത്തുള്ള കൊടിമരച്ചുവട്ടിലേക്ക് ഇല്ലംനിറ പൂജ മാറ്റാൻ കഴിയില്ലെന്നും ഹർജിക്കാർ വാദിക്കുന്നു. ഈ വിഷയത്തിൽ നേരത്തെ ഹൈക്കോടതി ഇടപെടാൻ വിസമ്മതിച്ചിരുന്നു. തർക്ക പരിഹാരത്തിനായി സിവിൽ കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
Tag: Guruvayur Illamnira Puja; Petition in Supreme Court against Devaswom Board’s decision to hold it under the flagpole