നടി റിനി ജോർജിനൊപ്പമുള്ള ഭർത്താവിന്റെ എഡിറ്റ് ചെയ്ത ചിത്രം; പരിഹാസവുമായി ഡോ. പി. സരിന്റെ ഭാര്യ സൗമ്യ
യുവനേതാവ് മോശമായി പെരുമാറിയെന്ന് മാധ്യമങ്ങൾക്കു മുൻപിൽ വെളിപ്പെടുത്തിയ നടി റിനി ജോർജിനൊപ്പം നിൽക്കുന്ന സിപിഎം നേതാവ് ഡോ. പി. സരിന്റെ എഡിറ്റ് ചെയ്ത ചിത്രങ്ങള് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെ പരിഹസിച്ച് സരിന്റെ ഭാര്യ സൗമ്യ സരിൻ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സൗമ്യയുടെ പരിഹാസം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പേരിൽ നിരവധി ആരോപണങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ സരിന് ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റിനി ജോർജിനൊപ്പമുള്ള സരിന്റെ എഡിറ്റ് ചെയ്ത ചിത്രം വ്യാപകമായി പ്രചരിച്ചത്.
തന്റെ സമൂഹമാധ്യമ പോസ്റ്റുകൾക്കു താഴെ റിനിക്കൊപ്പമുള്ള സരിന്റെ എഡിറ്റ് ചെയ്ത ചിത്രം കമന്റായി പോസ്റ്റ് ചെയ്യുന്നവരോടാണെന്ന മുഖവുരയോടെയാണ് സൗമ്യ കുറിപ്പ് തുടങ്ങുന്നത്. ഇത്രയും ക്വാളിറ്റിയില്ലാത്ത തലവെട്ടി ഒട്ടിക്കൽ പിക് അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്നും സൗമ്യ കുറിപ്പിലൂടെ പരിഹസിക്കുന്നു. അത്യാവശ്യമായി ടീമിലേക്ക് പണിയറിയാവുന്നവരെ റിക്രൂട്ട് ചെയ്യണമെന്ന് പരിഹസിച്ചു കൊണ്ടാണ് സൗമ്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്റെ പൂർണ രൂപം
ഈ ഫോട്ടോ എന്റെ പോസ്റ്റുകൾക്ക് താഴെ തലങ്ങും വിലങ്ങും പോസ്റ്റുന്നവരോടാണ് കേട്ടോ. അയ്യേ… അയ്യയ്യേ… എന്തുവാടെ?എന്ന പണ്ണി വെച്ചിരിക്കെ? ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഇതൊന്നും വൃത്തിക്കും മെനക്കും ചെയ്യാൻ കഴിവുള്ള ആരും അവിടെ ഇല്ലേ? 1996ൽ ഞാൻ കണ്ട ഇന്ദ്രപ്രസ്ഥം സിനിമയിൽ പോലും ഇതിലും അടിപൊളി ആയി ഇതൊക്കെ ചെയ്തു വെച്ചിട്ടുണ്ട്. അത്യാവശ്യമായി ടീമിലേക്ക് പണി അറിയാവുന്ന കുറച്ചു പേരെ റിക്രൂട്ട് ചെയ്യണം. പെട്ടെന്ന് തന്നെ. പണി കൂടാൻ പോകുകയല്ലേ. അപ്പോ പ്രൊഫഷെനൽ ക്വാളിറ്റി കളയാതെ നോക്കണം. എന്ന് ഒരു അഭ്യൂദയകാംക്ഷി.
Tag: Dr. P. Sarin’s wife Soumya mocks her husband’s edited picture with actress Rini George