keralaKerala NewsLatest NewsUncategorized

‘ടോട്ടൽ ഫോർ യു’ പ്രതി ശബരീനാഥിനെതിരെ പുതിയ കേസ്; അഭിഭാഷകനിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെന്ന് പരാതി

കേരളത്തിൽ വലിയ ചർച്ചയായ ‘ടോട്ടൽ ഫോർ യു’ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശബരീനാഥിനെതിരെ മറ്റൊരു തട്ടിപ്പ് കേസ് കൂടി. ഓൺലൈൻ ട്രേഡിങിനായി 34 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചുവെന്ന അഭിഭാഷകൻ സഞ്ജയ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പൊലീസ് കേസ് എടുത്തത്. കോടതിയിൽവെച്ചുള്ള പരിചയം സാമ്പത്തിക ഇടപാടുകളിലേക്ക് വഴിമാറിയെന്നാണ് പരാതി.

2008-ൽ കോടികളുടെ തട്ടിപ്പ് നടത്തിയതിന് ശബരീനാഥിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ അദ്ദേഹം ഏറെക്കാലം ഒളിവിലായിരുന്നു. ഇപ്പോൾ കേരളത്തിലില്ലെന്നാണ് പൊലീസ് പറയുന്നത്. പല കേസുകളിലും ഇയാൾ വിചാരണ നേരിടുന്നു. “ഓൺലൈൻ ട്രേഡിങ് സ്ഥാപനം ആരംഭിച്ച് ലാഭം നൽകി തരാമെന്ന് പറഞ്ഞാണ് വഞ്ചിച്ചത്. ബാങ്ക് രേഖകൾ പരിശോധിക്കുകയാണ്,” എന്ന് വഞ്ചിയൂർ എസ്എച്ച്ഒ അറിയിച്ചു.

പതിനെട്ടാം വയസ്സിൽ തന്നെ ആയിരത്തിലധികം പേരിൽ നിന്ന് കോടികൾ ശേഖരിച്ചാണ് ശബരീനാഥ് വാർത്തകളിൽ ഇടം പിടിച്ചത്. സിനിമാതാരങ്ങൾ, ജുഡീഷ്യൽ ഉദ്യോഗസ്ഥർ, ബിസിനസ് പ്രമുഖർ തുടങ്ങി പലരും നിക്ഷേപകരിൽ ഉണ്ടായിരുന്നു. 100% വളർച്ചയും 20% ഏജന്റ് കമ്മീഷനും വാഗ്ദാനം ചെയ്താണ് അദ്ദേഹം ഐനെസ്റ്റ്, എസ്‌ജെആർ, ടോട്ടൽ സൊല്യൂഷൻസ് തുടങ്ങിയ സ്ഥാപനങ്ങളിലൂടെ പണം ശേഖരിച്ചത്.

ബിസിനസ് തകർന്നതോടെ 2008 ഓഗസ്റ്റ് ഒന്നിന് നാഗർകോവിലിൽ ശബരി അറസ്റ്റിലായി. 2011 മാർച്ചിൽ ജാമ്യത്തിലിറങ്ങിയ ശേഷം മൂന്നു വർഷത്തോളം ഒളിവിലായിരുന്നു. കോടികളുടെ ഭൂമി, പാതിവഴിയിലെത്തിയ റിസോർട്ട്, നൂറുകണക്കിന് പവന്റെ സ്വർണാഭരണങ്ങൾ, 22 ആഡംബര കാറുകൾ തുടങ്ങി വമ്പൻ ആസ്തികൾ ഇയാളുടെ പേരിലുണ്ടായിരുന്നു. ശബരിനാഥിനെതിരെ ആകെ 33 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ ഒൻപതിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. 22 ആഡംബര കാറുകളിൽ 17 എണ്ണം കോടതി റിസീവറുടെ മേൽനോട്ടത്തിൽ വിറ്റ് നിക്ഷേപകർക്ക് ഭാഗികമായി പണം നൽകി. രണ്ട് വീടുകളും മുൻകൂർ പണമടച്ച് കരാർ ചെയ്ത ഭൂമികളും കണ്ടുകെട്ടി.

വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും വിമാനത്താവളങ്ങളിൽ നൽകിയ മുന്നറിയിപ്പുകൾ കാരണം അത് സാധിച്ചില്ല. നിക്ഷേപകർ വീടുകളിൽ എത്തി പ്രതിഷേധിക്കുകയും ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഒടുവിൽ അദ്ദേഹം കീഴടങ്ങുകയായിരുന്നു. പിന്നീട് വീണ്ടും ജാമ്യത്തിലിറങ്ങി.

Tag: New case against Sabrinath, accused in ‘Total for You’; Complaint alleges he cheated lawyer of Rs 34 lakh

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button