സുനിൽ ഗവാസ്‌കറുടെ വെങ്കലപ്രതിമ വാംഖഡെ സ്റ്റേഡിയത്തിൽ അനാവരണം ചെയ്തു
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം സുനിൽ ഗാവസ്‌കറുടെ വെങ്കലപ്രതിമ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ ശരദ് പവാർ ക്രിക്കറ്റ് മ്യൂസിയത്തിൽ അനാവരണം ചെയ്തു. സെപ്റ്റംബർ 22 മുതൽ മ്യൂസിയം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും.
ഇന്ത്യൻ ക്രിക്കറ്റിൽ നിസ്തുല സംഭാവനകൾ നൽകിയ ഗാവസ്‌കറുടെ പ്രതിമ കാണുമ്പോൾ അദ്ദേഹം വികാരാധീനനായി. “മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ എന്റെ മാതാവിനെപ്പോലെ എന്നെ പരിപാലിച്ചു. ഇത്തരത്തിലുള്ള ആദരം എല്ലാ താരങ്ങൾക്കും ലഭിക്കണമെന്നില്ല,” എന്ന് ഗാവസ്‌കർ പ്രതികരിച്ചു.
സ്വന്തം കരിയർ രൂപപ്പെടുത്തുന്നതിൽ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ പങ്ക് നിർണായകമായിരുന്നുവെന്നും ബോംബെ സ്കൂളിൽ ക്രിക്കറ്റ് കളിച്ച കാലം മുതൽ രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി, പിന്നീട് ഇന്ത്യയ്ക്കായി കളിച്ചപ്പോഴും ഇത്തരമൊരു ദിവസം വരുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ ബി.സി.സി.ഐ. പ്രസിഡന്റ് ശരദ് പവാർ ചടങ്ങിൽ പങ്കെടുത്തു.
ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10,000 റൺസ് നേടുന്ന താരം സുനിൽ ഗാവസ്‌കറാണ്. അതോടൊപ്പം, സർ ഡൊണാൾഡ് ബ്രാഡ്മാന്റെ 29 സെഞ്ചുറിയുടെ റെക്കോർഡ് തകർത്തതും അദ്ദേഹമാണ്. പിന്നീട് ആ റെക്കോർഡ് സച്ചിൻ ടെണ്ടുൽക്കർ മറികടന്നു.
Tag: Sunil Gavaskar’s bronze statue unveiled at Wankhede Stadium