തോട്ടപ്പള്ളി വയോധികയുടെ കൊലപാതകം ; അബുബക്കറിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി മൂന്നാം പ്രതിയാക്കിയേക്കും

ആലപ്പുഴ: തോട്ടപ്പളളിയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ ആദ്യം കൊലയാളിയെന്ന് കരുതി അറസ്റ്റ് ചെയ്ത അബൂബക്കറിനെ ബലാത്സംഗക്കുറ്റം ചുമത്തി മൂന്നാം പ്രതിയാക്കാനൊരുങ്ങി പൊലീസ്. വയോധികയെ ലൈംഗികമായി ഇയാൾ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ പങ്കില്ലെങ്കിലും അബൂബക്കര്‍ കുറ്റം ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ . സൈനുലാബ്ദീനെയും ഭാര്യ അനീഷയെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.ഇവർ ഒന്നും രണ്ടും പ്രതികളാണ്. കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമർപ്പിക്കും .പൊലീസിനെതിരെ അബൂബക്കറിന്റെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അബൂബക്കര്‍ റംലത്തിന്റെ വീട്ടില്‍പോയത് കത്ത് നല്‍കാനാണെന്നും ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കി അബൂബക്കറിനെ കൊലപാതകിയാക്കി എന്നും അബൂബക്കര്‍ അല്ല കൊലയാളി എന്ന് തെളിഞ്ഞിട്ടും കുടുക്കാന്‍ ശ്രമിക്കുന്നു എന്നുമാണ് മകന് റാഷിം പറഞ്ഞത്. റംലയുടേത് മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകമല്ലെന്ന സംശയം ഇപ്പോൾ പൊലീസിനുണ്ട്. പൊലീസിനെ വഴിതെറ്റിച്ചത് റംലയുടെ സ്വര്‍ണമാണ്. റംലയുടെ ആഭരണം വീട്ടില്‍ കണ്ടെത്തിയതോടെയാണ് മോഷണമല്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
തനിച്ചു താമസിക്കുകയായിരുന്ന റംലത്തിനെ ഈ മാസം 17 നാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നിലവില്‍ റിമാൻഡിലുളള അബൂബക്കര്‍ റംലത്തിന്റെ വീട്ടില്‍ പോയിരുന്നെങ്കിലും ഇയാള്‍ മടങ്ങിയതിന് ശേഷമാണ് കൊലപാതകം നടന്നത്. ശ്വാസംമുട്ടലുണ്ടെന്ന് റംല പറഞ്ഞപ്പോള്‍ അബൂബക്കര്‍ അവിടെ ഉണ്ടായിരുന്ന ശീതളപാനീയം അവർക്ക് നല്‍കുകയും അവര്‍ ഉറങ്ങിയ ശേഷം 11 മണിയോടെ മടങ്ങി വരുകയും ചെയ്തിരുന്നു. അബൂബക്കര്‍ പോയതിനു ശേഷം ദമ്പതിമാരായ മോഷ്ടാക്കള്‍ റംലയുടെ വീട്ടില്‍ കയറുകയും മോഷണശ്രമത്തിനിടെ റംലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.