വരുന്നു അദാനിയുടെ ലോജിസ്റ്റിക്സ് പാർക്ക്

ലോജിസ്റ്റിക്സ് രംഗത്ത് കൊച്ചിയെ വമ്പൻ ഹബ്ബാക്കി മാറ്റാൻ വരുന്നു അദാനിയുടെ ലോജിസ്റ്റിക്സ് പാർക്ക്.കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിലെ പുതിയ ചുവടുവയ്പ്പായി അദാനി ഗ്രൂപ്പിന്റെ ലോജിസ്റ്റിക്സ് പാർക്ക് കളമശേരിയിൽ ‘ മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിച്ചുകൊണ്ട് തുടക്കമായി . 600 കോടിയിലധികം രൂപയുടെ ആദ്യ നിക്ഷേപത്തിൽ സംസ്ഥാന സർക്കാരിന്റെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയുടെ ഭാഗമായി 70 ഏക്കർ ഭൂമിയിലാണ് സ്ഥാപനം നിർമിക്കുന്നത്.
13 ലക്ഷം ചതുരശ്ര അടി വിസ്തിയിൽ രൂപകൽപ്പന ചെയ്‌ത പാർക്കിന്റെ വളർച്ചയെ സപ്പോർട്ട് ചെയ്യുന്നതിന് സംയോജിത ലോജിസ്റ്റിക്സ് സൗകര്യങ്ങളും പുതിയ സാങ്കേതികവിദ്യകളും ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും മേഖലയിൽ പുതിയ ബിസിനസ് അവസരങ്ങൾസൃഷ്ടിക്കുന്നതിനും പദ്ധതി സഹായിക്കുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. ഗതാഗതച്ചെലവ് കുറയ്ക്കുക, ഇ-കൊമേഴ്സ്, എഫ്.എം.സി.ജി., ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽ, റീട്ടെയിൽ എന്നീ മേഖലകളുമായി ബന്ധപ്പെട്ട കയറ്റുമതി വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.1500ലധികം തൊഴിൽ അവസരങ്ങൾ കമ്പനി സൃഷ്ടിക്കുമെന്നാണ് സർക്കാരിന്റെ നിഗമനം.
പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതോടൊപ്പം ചെറുകിട വ്യവസായങ്ങൾക്ക് പങ്കാളിത്തം ഉപ്പാക്കുകയും ചെയ്യും. ലോജിസ്റ്റിക്‌സ് ഹബ്ബുകൾ വിപണിയെ പരിപോഷിപ്പിക്കുകയും വ്യാപാര വികസനത്തിന് സഹായിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ..പാർക്കിൽ പ്രമുഖ ഓൺലൈൻ വിതരണ പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടാണ് കൂടുതൽ സ്ഥലം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രവർത്തനം തുടങ്ങുന്നതോടെ, ഫ്ലിപ്കാർട്ടിൻ്റെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാന വിതരണ കേന്ദ്രങ്ങളിലൊന്നായി കൊച്ചി മാറും. ഡിജിറ്റൽ സൗകര്യങ്ങളുടെ സഹായത്തോടെയാണ് അദാനി ഗ്രൂപ്പ് പദ്ധതി നടപ്പിലാക്കുന്നത്. വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം എന്നിവയുടെ വികസനത്തിനായി 30000 കോടി രൂപയാണ് അദാനി ഗ്രൂപ്പ് എംഡി കരൺ അദാനി ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിൽ പ്രഖ്യാപിച്ചത്. 94 നിക്ഷേപ പദ്ധതികളുടെ നിർമാണം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.