ഓണം പ്രമാണിച്ച് കരാർ– സ്‌കീം തൊഴിലാളികളുടെ ഉത്സവബത്ത വർധിപ്പിച്ചു
ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കരാർ– സ്‌കീം തൊഴിലാളികൾക്ക് നൽകുന്ന ഉത്സവബത്തയിൽ 250 രൂപയുടെ വർധനവ് നടപ്പാക്കി. ആശാ വർക്കർമാർക്ക് ലഭിച്ചിരുന്ന 1,200 രൂപ 1,450 രൂപയായി ഉയർത്തി. അങ്കണവാടി, ബാലവാടി ഹെൽപ്പർമാർക്കും ആയമ്മമാർക്കും 1,450 രൂപ വീതം ലഭിക്കും. പ്രീ-പ്രൈമറി അധ്യാപകരും ആയമ്മമാരും 1,350 രൂപ വീതം ലഭിക്കും.
ബഡ്സ് സ്‌കൂൾ അധ്യാപകരും ജീവനക്കാരും, പാലിയേറ്റീവ് കെയർ നഴ്‌സുമാർ, മഹിളാസമാഖ്യ സൊസൈറ്റിയിലെ മെസഞ്ചർമാർ, കിശോരി ശക്തിയോജന സ്കൂൾ കൗൺസിലർമാർ എന്നിവർക്ക് 1,450 രൂപ ലഭിക്കും. വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികൾക്ക് ഉത്സവബത്ത 1,550 രൂപയായിരിക്കും. പ്രേരകരും അസിസ്റ്റന്റ് പ്രേരകരും 1,250 രൂപ വീതം ലഭിക്കും. പ്രത്യേക സ്‌കൂളുകളിലെ അധ്യാപക–അനധ്യാപക ജീവനക്കാർക്കും 1,250 രൂപ ലഭിക്കും.
എസ്‌സി–എസ്‌ടി പ്രൊമോട്ടർമാർ, ടൂറിസം വകുപ്പിലെ ലൈഫ് ഗാർഡുകൾ, ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഹോം ഗാർഡുകൾ എന്നിവർക്കും 1,460 രൂപ വീതം ലഭിക്കും. കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച എല്ലാവർക്കും ഇത്തവണയും 250 രൂപയുടെ വർധനവോടെ ആനുകൂല്യം ലഭ്യമാകും.
Tag: Festival allowance of contract-scheme workers increased in view of Onam