രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ച് നിയമോപദേശം നേടാൻ പൊലീസ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ച് പൊലീസ് നിയമോപദേശം തേടാൻ തീരുമാനിച്ചു. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്ന് എടുത്ത കേസുകൾ പിന്നീട് അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യമാണ് ഇതിന് പിന്നിൽ. ഇരകൾ പരാതിയിൽ ഉറച്ചുനിൽക്കാതെ പിൻവാങ്ങുകയാണെങ്കിൽ കേസ് തുടരാനാകില്ലെന്നതാണ് പ്രാഥമിക വിലയിരുത്തൽ. പരാതിക്കാരനായ എച്ച്. ഹഫീസിന്റെ മൊഴി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് രേഖപ്പെടുത്തും. നിയമോപദേശം ലഭിച്ചതിന് പിന്നാലെ തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.
കോൺഗ്രസ് നേതൃത്വത്തിന് രാഹുലിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. പാർട്ടിക്കുള്ളിൽ തന്നെ ഗൂഢാലോചന നടന്നുവെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം. അത് നേതൃത്വവുമായി പങ്കുവെച്ചിരുന്നെങ്കിലും, ആ വാദം അംഗീകരിക്കാൻ കോൺഗ്രസിന് തയ്യാറായില്ല. ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് രാഹുൽ തന്നെയാണെന്നാണ് നേതൃനിലപാട്.
അതേസമയം, വിഷയത്തെ ചൊല്ലി കോൺഗ്രസ് സൈബർ ഹാൻഡിലുകൾ തമ്മിലുള്ള പോരാട്ടം കൂടി രൂക്ഷമാകുകയാണ്. ഇതിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമങ്ങളും പാർട്ടി നേതൃത്വം വീണ്ടും ആരംഭിച്ചു.
Tag: Police to seek legal advice on registering case on complaints received against Rahul Mangkoottathil