“സിപിഐഎം അധികം കളിക്കരുത്. വൈകാതെ കേരളം ഞെട്ടിക്കുന്ന വാർത്ത വരും”- പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
സിപിഐഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. “സിപിഐഎം അധികം കളിക്കരുത്. വൈകാതെ കേരളം ഞെട്ടിക്കുന്ന വാർത്ത വരും. ഞാൻ പറയുന്നതൊന്നും വൈകാറില്ല. തെരഞ്ഞെടുപ്പിനും സമയം ഉണ്ടല്ലോ,” എന്ന് അദ്ദേഹം വ്യക്തമാക്കി.
ബിജെപിയെ വിമർശിച്ച സതീശൻ, കന്റോൺമെന്റ് ഹൗസിലേക്ക് പ്രതിഷേധത്തിന് കൊണ്ടുവന്ന കാളയെ കളയാതെ പാർട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടാൻ നിർദേശിച്ചു. “വളരെ പെട്ടെന്ന് ആ കാളയെ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധത്തിന് കൊണ്ടുപോകേണ്ട സാഹചര്യം ഉണ്ടാകും. അതിനാൽ ഉപേക്ഷിക്കരുത്, കാത്തിരിക്കൂ,” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഐഎം നടത്തുന്ന പ്രതിഷേധങ്ങൾ വെറും മറുവേഷമാണെന്നും എം.വി. ഗോവിന്ദനെതിരായ ആരോപണങ്ങളിൽ മറുപടി ഇല്ലെന്നും വി.ഡി. സതീശൻ ആരോപിച്ചു. “കേരളത്തിലെ സിപിഐഎം നേതാക്കൾക്ക് രാജേഷ് കൃഷ്ണ ഹവാല പണം നൽകിയെന്ന ആരോപണം പുറത്തുവന്നു, പക്ഷേ അത് അവർ മറച്ചു. അതിനെ കുറിച്ച് ഒരു പ്രതികരണവും ഇല്ല,” എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിനെതിരെ കർശന സംഘടനാപരമായ നടപടി സ്വീകരിച്ച സാഹചര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. “ലൈംഗിക ആരോപണ കേസുകളിൽ പ്രതികളായ മന്ത്രിമാരെ ആദ്യം പുറത്താക്കുക. മുഖ്യമന്ത്രിയുടെ ഓഫീസുൾപ്പെടെ നിരവധി ആളുകൾക്കെതിരെ ഇത്തരം കേസുകൾ ഉണ്ട്. എന്നാൽ സിപിഐഎം അവരെ സംരക്ഷിക്കുകയാണ്,” എന്നും അദ്ദേഹം വിമർശിച്ചു.
കോൺഗ്രസ് സ്വീകരിച്ച നടപടി ഹൃദയവേദനയോടെയാണെന്നും സ്ത്രീകളുടെ അഭിമാനത്തെ സംരക്ഷിക്കാനാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. “മുഖം നോക്കാതെ എടുത്ത ഈ നടപടി കേരള രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒന്നായിരിക്കും. ജനങ്ങൾ അതിനെ ആദരവോടെ കാണും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tag: “CPIM should not play too much. Soon, shocking news will come to Kerala” – Opposition Leader V.D. Satheesan