ഓണം സ്പെഷ്യൽ ഡ്രൈവ്; താമരശ്ശേരിയിൽ 55 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്ത് വലിയ ലഹരി വേട്ട നടന്നു. കോഴിക്കോട് താമരശ്ശേരിയിൽ നടത്തിയ പരിശോധനയിൽ 55 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പൊലീസ് പിടിയിലായി. അമ്പായത്തോട് സ്വദേശി അൽഷാജും ചുടലമുക്ക് സ്വദേശി ബാസിതുമാണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ലഹരി വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന കാർ പൊലീസും കസ്റ്റഡിയിലെടുത്തു. പ്രതികൾ നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നടത്തിയ പരിശോധനയിൽ നാല് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അമിത് കുമാർ അഗർവാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
Tag: Onam special drive; Two arrested with 55 grams of MDMA in Thamarassery