പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ ആവശ്യം തള്ളി ഹൈക്കോടതി
പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. സർവീസ് റോഡ് പുതുക്കിപ്പണിതെന്നായിരുന്നു എൻഎച്ച്എഐയുടെ വാദം. എന്നാൽ സർവീസ് റോഡിന്റെ വീതി കൂട്ടി സ്ഥിരപരിഹാരം ഉറപ്പാക്കിയിട്ടില്ലെന്ന മൂന്നംഗ സമിതിയുടെ റിപ്പോർട്ട് കോടതി മുന്നിൽ വന്നു. ഇതോടെ കേസ് അടുത്ത മാസം ഒമ്പതിന് പരിഗണിക്കാൻ മാറ്റി. ആ സമയത്തേക്കും ടോൾ പിരിവ് അനുവദിക്കില്ല.
ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ആർടിഒ എന്നിവരടങ്ങിയ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ വാഹനം വഴിതിരിച്ചുവിടുന്ന താൽക്കാലിക മാർഗമാണ് നിലവിലുള്ളത്. ഇത് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സമിതി കോടതിയെ അറിയിച്ചു.
ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ദേശീയപാത അതോറിറ്റിയുടെ അപേക്ഷ തള്ളിയത്. ഓണക്കാലത്ത് ടോൾ പിരിവ് പുനരാരംഭിക്കാനുണ്ടായ ശ്രമം ഇതോടെ പരാജയപ്പെട്ടു. സെപ്റ്റംബർ 9-ന് കേസ് വീണ്ടും പരിഗണിക്കും. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സമിതി വീണ്ടും സ്ഥലപരിശോധന നടത്തി പുതുക്കിയ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
Tag: High Court rejects National Highways Authority’s request to resume toll collection in Paliyekkara