ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു
ആലപ്പുഴ–ധൻബാദ് എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. സംഭവത്തിന് പിന്നിൽ തമിഴ്നാട് സ്വദേശിനിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഓഗസ്റ്റ് 15-ന് ധൻബാദ് എക്സ്പ്രസിന്റെ S3, S4 കോച്ചുകൾക്കിടയിലെ ശുചിമുറിയിലെ മാലിന്യപ്പെട്ടിയിൽ നിന്നായിരുന്നു ഭ്രൂണം കണ്ടെത്തിയത്. സംഭവശേഷം ട്രെയിനിലെ മുഴുവൻ യാത്രക്കാരെയും ഗവൺമെന്റ് റെയിൽവേ പൊലീസ് ചോദ്യം ചെയ്തു. ഇതിലൂടെയാണ് ഭ്രൂണം ഉപേക്ഷിച്ചത് തമിഴ്നാട് സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞത്. ഇവരെ നേരിൽ കണ്ടു മൊഴി എടുക്കാനാണ് അന്വേഷണസംഘം തമിഴ്നാട്ടിലേക്ക് പോയത്.
ഗർഭഛിദ്രം സ്വാഭാവികമായുണ്ടായതാണെങ്കിലും ഭ്രൂണം ട്രെയിനിൽ ഉപേക്ഷിച്ചത് നിയമവിരുദ്ധമാണ്. നാല് മാസം വളർച്ചയിലെത്തിയ ഭ്രൂണത്തിന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി, തുടർന്ന് ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു. ട്രെയിനിൽ നിന്നു ശേഖരിച്ച രക്തക്കറയുടെ ശാസ്ത്രീയ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്.
Tag: Investigation into abandoned fetus found on train extended to Tamil Nadu