”സിപിഐഎമ്മിൽ ഒരുതരത്തിലുള്ള “ബോംബും” പൊട്ടാൻ പോകുന്നില്ല, പൊട്ടുന്നത് കോൺഗ്രസിലാണ്”- സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
പ്രതിപക്ഷ നേതാവ് മുന്നറിയിപ്പായി പറഞ്ഞ “ഞെട്ടിക്കുന്ന വാർത്ത”യെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളി. സിപിഐഎമ്മിൽ ഒരുതരത്തിലുള്ള “ബോംബും” പൊട്ടാൻ പോകുന്നില്ല, പൊട്ടുന്നത് കോൺഗ്രസിലാണ് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. “കഥകൾ വരട്ടെ, പറയുന്നതല്ലാതെ പുറത്തൊന്നും വരുന്നില്ലല്ലോ. അതിനെ നേരിടാൻ ഞങ്ങൾക്ക് ഭയമില്ല. ഞങ്ങൾ വ്യക്തമായ നിലപാടുകളോടെയാണ് മുന്നോട്ട് പോകുന്നത്,” എന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗോവിന്ദൻ പറഞ്ഞു: “കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും ഇടവേള ചോദിച്ച് മാറിനിൽക്കുകയാണ്. 24 മണിക്കൂർ മുമ്പ് വരെ രാഹുൽ മാങ്കൂട്ടത്തിലിനെ രാജിവെപ്പിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. എന്നാൽ രാഹുൽ ശക്തമായി ഭീഷണിപ്പെടുത്തിയതിനാലാണ് രാജിവെക്കാൻ തയ്യാറായിട്ടില്ലാത്തത്. ‘ഞാൻ രാജിവെക്കുകയാണെങ്കിൽ പലരുടെ കഥകളും വെളിപ്പെടുത്തേണ്ടി വരും’ എന്ന മുന്നറിയിപ്പാണ് അവിടെയുണ്ടായത്.”
“ഒരു കേസ് വന്നാൽ രാജിവെക്കുക തന്നെയാണ് വേണ്ടത്. അങ്ങനെ ആയിരിക്കെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യേണ്ട ആവശ്യമില്ലല്ലോ,” എന്നും അദ്ദേഹം ചോദിച്ചു.
സ്ത്രീകൾ തുറന്ന് പറഞ്ഞ പരാതികളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്, അത് ആരോപണമല്ല തെളിവാണെന്ന് ഗോവിന്ദൻ വ്യക്തമാക്കി. “പേരുപറഞ്ഞ് തന്നെ അവർ രംഗത്തെത്തി. എല്ലാം തെളിവുകളാണ്. കോൺഗ്രസിനുള്ളിൽ തന്നെ നേതാക്കൾ പറഞ്ഞത്, ഇത്രയും തെളിവുകൾ പുറത്ത് വന്നാൽ രാജിവെക്കണം എന്നായിരുന്നു. രാജിവെക്കാതെ കേരള രാഷ്ട്രീയത്തിൽ തുടരാൻ രാഹുലിന് കഴിയില്ലെന്ന് അവനറിയാം. അത് പ്രോത്സാഹിപ്പിക്കുന്ന ഷാഫി ഉൾപ്പെടെയുള്ളവർക്ക് അനുഭവത്തിലൂടെ മനസ്സിലാകും,” എന്നും അദ്ദേഹം പറഞ്ഞു.
മുകേഷ് എം.എൽ.എയ്ക്കെതിരായ ആരോപണത്തെയും അദ്ദേഹം പരാമർശിച്ചു: “മുകേഷിനെതിരായ കേസ് പതിറ്റാണ്ടുകൾക്ക് മുൻപുണ്ടായ പരാതിയാണ്. അതിന്റെ വിധി വന്നാലുടൻ അതനുസരിച്ച് പാർട്ടി നിലപാട് സ്വീകരിക്കും. എന്നാൽ രാഹുലിന്റെ കാര്യത്തിൽ ഓരോ സ്ത്രീകളും വന്ന് തുറന്നുപറയുകയാണ്. അത് ആരോപണമല്ല, തെളിവാണ്.”
അതേസമയം, ഉമാ തോമസ് എം.എൽ.എയ്ക്കെതിരായ സൈബർ ആക്രമണങ്ങൾ രാഹുലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായികളാണെന്നും ഗോവിന്ദൻ ആരോപിച്ചു.
Tag: ‘No kind of “bomb” is going to explode in the CPI(M), it is going to explode in the Congress”- CPI(M) State Secretary M.V. Govindan