കൊച്ചി മെട്രോ മൂന്നാംഘട്ട ഡിപിആര്‍ പഠനം ആരംഭിച്ചു; പൊതുജനങ്ങൾക്കും ആശയങ്ങളും നിർദേശങ്ങളും സമർപ്പിക്കാം
ആലുവ– നെടുമ്പാശ്ശേരി എയർപോർട്ട്– അങ്കമാലി വഴി കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട പാതയ്ക്കായി വിശദമായ പദ്ധതി രൂപരേഖ (DPR) തയ്യാറാക്കാനുള്ള പഠനം ആരംഭിച്ചു. കൊച്ചി മെട്രോയുടെ നിർദേശപ്രകാരം ഹരിയാന ആസ്ഥാനമായ സിസ്ട്ര എംവിഎ കൺസൾട്ടിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഡിപിആർ തയ്യാറാക്കുന്നത്. 1.03 കോടി രൂപ ചെലവഴിച്ച് ആറ് മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കാനാണ് പദ്ധതി.
നിലവിലെ മെട്രോ ഘടനയിൽ നിന്ന് വ്യത്യസ്തമായി ഭൂഗർഭ പാതയും ഉൾപ്പെടെ തയ്യാറാകുന്ന മൂന്നാം ഘട്ട പാതയുടെ നീളം 17.5 കിലോമീറ്റർ ആയിരിക്കും. ഡിപിആറിന്റെ ഭാഗമായി ഫീൽഡ് ഇൻവെസ്റ്റിഗേഷൻ, സർവേ, എഞ്ചിനിയറിങ് പഠനം തുടങ്ങി വിപുലമായ പരിശോധനകൾ നടക്കും. പദ്ധതിക്കുള്ള ചെലവ് കേന്ദ്ര ഭവന-നഗര വികസന മന്ത്രാലയത്തിന്റെ സെൻട്രൽ ഫിനാൻഷ്യൽ അസിസ്റ്റൻസ് സ്കീമിൽ നിന്നാണ് കണ്ടെത്തുന്നത്.
ഡിപിആർ പഠനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ അറിയിച്ചു. പദ്ധതിയെ കുറിച്ച് പൊതുജനങ്ങൾക്കും ആശയങ്ങളും നിർദേശങ്ങളും സമർപ്പിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. നിർദേശങ്ങൾ [email protected] എന്ന ഇമെയിലിലേക്ക് അയയ്ക്കാം.
നെടുമ്പാശ്ശേരിയിലേക്ക് മെട്രോ എത്തുന്നതോടെ വിമാന യാത്രക്കാരുടെ യാത്രാസമയം ഗണ്യമായി കുറയും. ഇതിനിടെ നെടുമ്പാശ്ശേരിയിൽ പുതിയ റെയിൽവേ സ്റ്റേഷൻ നിർമ്മാണവും പുരോഗമിക്കുകയാണ്.
Tag: Kochi Metro begins third phase DPR study; public can also submit ideas and suggestions