indiaLatest NewsNationalNews

ജമ്മു കശ്മീരിൽമേഘവിസ്ഫോടനം; നാലുപേര്‍ മരിച്ചു, നിരവധി പേരെ കാണാതായി, വീടുകൾക്കും നാശനഷ്ടം

ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ഉണ്ടായ മേഘവിസ്ഫോടനത്തിൽ കനത്ത നാശനഷ്ടം. മിന്നല്‍ പ്രളയത്തില്‍ നാലുപേര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ ഇവർക്കായി തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. പത്തിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ട്. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര താല്‍ക്കാലികമായി നിയന്ത്രിച്ചു. അപകടത്തില്‍പെട്ടവര്‍ വൈഷ്‌ണോ ദേവി യാത്രയില്‍ പങ്കെടുത്തവരാണെന്നാണ് പ്രാഥമിക വിവരം. ജമ്മു-ശ്രീനഗര്‍ ദേശീയപാതയും അടച്ചു.

കാലാവസ്ഥാ വകുപ്പ് മുന്‍കൂട്ടി നല്‍കിയ മുന്നറിയിപ്പുപോലെ, കത്വ, സാംബ, ദോഡ, ജമ്മു, റാംബന്‍, കിഷ്ത്വാര്‍ ജില്ലകളില്‍ കനത്ത മഴ പെയ്തു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍– സ്വകാര്യ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി ദേശീയപാതയില്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. നദികള്‍ കരകവിഞ്ഞൊഴുകി. ദോഡ ജില്ലയില്‍ ഒരു പ്രധാന റോഡ് വെള്ളപ്പാച്ചിലില്‍ മുങ്ങിപ്പോയി. താവി നദിയും കരകവിഞ്ഞൊഴുകുകയാണ്.

സ്ഥിതി ഗുരുതരമാണെന്നും ജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അദ്ദേഹം അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ജമ്മു മേഖലയിലാകെ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജലാശയങ്ങള്‍ക്കു സമീപത്തും മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. അപകട സാധ്യതയുള്ള മേഖലകളില്‍ രക്ഷാപ്രവര്‍ത്തന-ദുരിതാശ്വാസ സംഘങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tag: Cloudburst in Jammu and Kashmir; Four dead, many missing, houses damaged

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button