ഇന്ത്യ- അമേരിക്ക വ്യാപാര തർക്കം; ട്രംപിന്റെ ഫോൺ കോളുകൾക്ക് മറുപടി നൽകാതെ പ്രധാനമന്ത്രി
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫോൺ കോളുകൾക്ക് മറുപടി നൽകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ- അമേരിക്ക വ്യാപാര തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മോദി ട്രംപിന്റെ ഫോൺ കോൾ നിരസിച്ചത്. നാല് തവണ വിളിച്ചെങ്കിലും പ്രധാനമന്ത്രി പ്രതികരിച്ചില്ലെന്നാണ് അവകാശവാദം.
ഇന്ത്യയും പാകിസ്താനുമായുള്ള ആണവമുന്നേറ്റം തടഞ്ഞുവെന്ന ട്രംപിന്റെ പരാമർശത്തിന് പിന്നാലെയാണ് മോദിയുടെ ഇത്തരം നിലപാട് വന്നത്. എന്നാൽ ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല.
അതേസമയം, ഇന്ത്യയ്ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച അധിക തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ എത്തി. 50 ശതമാനം വരെ വർധിപ്പിച്ചിരിക്കുന്ന തീരുവ ആരോഗ്യ, സ്വർണാഭരണ, കരകൗശല മേഖലകളിലെ ഇന്ത്യൻ ഉൽപ്പന്നങ്ങളെ കാര്യമായി ബാധിക്കും. യുഎസ് ഹോംലാൻഡ് ഡിപ്പാർട്ട്മെന്റ് ഇതിനായുള്ള ഔദ്യോഗിക നോട്ടിസ് അയച്ചിട്ടുണ്ട്.
അമേരിക്കൻ തീരുമാനം പ്രഖ്യാപിച്ച ദിനം തന്നെ പ്രധാനമന്ത്രി മോദി പ്രതികരിച്ചു. എത്ര സമ്മർദ്ദം വന്നാലും അതിനെ ചെറുക്കാനുള്ള കഴിവ് ഇന്ത്യ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക സ്വാർത്ഥതയെ ആശ്രയിച്ചാണ് ഇന്ന് ലോകത്ത് പല രാജ്യങ്ങളും നയങ്ങൾ രൂപീകരിക്കുന്നതെന്നും സംരക്ഷണവാദ നിലപാടുകൾക്കെതിരെ ഇന്ത്യ ഉറച്ചുനിൽക്കും എന്നും പൗരന്മാരുടെ താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
Tag: India-US trade dispute; PM not answering Trump’s phone calls