keralaKerala NewsLatest News

ട്രാഫിക് പെറ്റി കേസുകളിൽ പിഴത്തുകയിൽ ക്രമക്കേട്; വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ അറസ്റ്റിൽ

ട്രാഫിക് പെറ്റി കേസുകളിൽ പിഴത്തുകയിൽ ക്രമക്കേട് നടത്തിയെന്നാരോപണത്തിൽ സസ്‌പെൻഷനിലായ വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശാന്തികൃഷ്ണൻ അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി കിടങ്ങൂരിലെ ബന്ധുവീട്ടിലാണ് പൊലീസ് ഇവരെ പിടികൂടിയത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നുവെങ്കിലും, ശാന്തികൃഷ്ണൻ അത് അവഗണിച്ചിരുന്നു.

വഞ്ചന, വ്യാജരേഖ സൃഷ്ടിക്കൽ, സർക്കാർ രേഖകൾ തിരുത്തൽ, പണം തട്ടിപ്പ്, അഴിമതി നിരോധന നിയമലംഘനം തുടങ്ങി നിരവധി കുറ്റങ്ങൾക്കെതിരെയാണ് കേസ്. സർക്കാർ ഉദ്യോഗസ്ഥ നടത്തിയ സാമ്പത്തിക തട്ടിപ്പായതിനാൽ കേസ് വിജിലൻസ് കോടതിയാണ് പരിഗണിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിക്ക് അപേക്ഷ സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

2018 ജനുവരി മുതൽ 2022 ഡിസംബർ വരെ ഗതാഗത നിയമലംഘനക്കാർ അടച്ച പിഴത്തുകയിലാണ് ക്രമക്കേട് നടന്നതെന്ന് കണ്ടെത്തി. മുവാറ്റുപുഴ പൊലീസ് പിരിച്ചെടുത്ത ഏകദേശം 20 ലക്ഷം രൂപയാണ് ശാന്തികൃഷ്ണൻ തട്ടിയെടുത്തതെന്ന് കേസിൽ പറയുന്നു. ബാങ്കിൽ അടയ്ക്കേണ്ട തുക കൃത്രിമം കാണിച്ച് ട്രഷറി രസീതുകളും വൗച്ചറുകളും തിരുത്തിയാണ് തട്ടിപ്പ് നടത്തിയത്.

പരമാവധി 35,000 രൂപ മാത്രമാണ് മാസശമ്പളമായി ലഭിക്കാവുന്ന ഉദ്യോഗസ്ഥയായിട്ടും, മാസത്തിൽ ഒന്നുലക്ഷം മുതൽ ഒന്നരലക്ഷം വരെ വിവിധ ബാങ്കുകളിലും ചിട്ടി കമ്പനികളിലും അടച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Tag: Irregularity in fine amount in traffic petty cases; Female senior civil police officer arrested

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button