CovidHealthKerala NewsLatest NewsLocal NewsNews

രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ക്ലസ്റ്റര്‍ കെയര്‍ നടപ്പിലാക്കി വരുന്നതായി ആരോഗ്യമന്ത്രി.

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ക്ലസ്റ്റര്‍ കെയര്‍ നടപ്പിലാക്കി വരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിന് പിന്നാലെ സൂപ്പര്‍ സ്‌പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കും പോകുകയാണ്. കോവിഡ്ബാധ പുറത്തേക്ക് വ്യാപിച്ച് കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപം കൊള്ളാതെ ആ ക്ലസ്റ്ററിനുള്ളില്‍ തന്നെ പരിശോധനയും ചികിത്സയും ക്വാറന്റൈനും ശക്തിപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എല്ലാ വകുപ്പുകള്‍ക്കും തുല്യ ഉത്തരവാദിത്വമാണുള്ളത്. ഈ മേഖലയിലുള്ളവര്‍ എല്ലായിപ്പോഴും മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടതാണ്. ഓര്‍ക്കുക സമൂഹ വ്യാപനത്തിന് തൊട്ട് മുമ്പുള്ളതാണ് ക്ലസ്റ്ററുകള്‍. 70 ആക്ടീവ് ക്ലസ്റ്ററും 17 കണ്ടൈന്‍ഡ് ക്ലസ്റ്ററും ഉള്‍പ്പെടെ സംസ്ഥാനത്ത് നിലവില്‍ 87 ക്ലസ്റ്ററുകളാണുള്ളത്. അതില്‍ രണ്ടെണ്ണം സമൂഹവ്യാപനത്തിലുമായി. അല്‍പം ബുദ്ധിമുട്ട് സഹിച്ചും എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ എത്രയും വേഗം ക്ലസ്റ്ററുകളില്‍ നിന്നും മുക്തമാകും. ആരോഗ്യമന്ത്രി പറഞ്ഞു.

എന്താണ് കോവിഡ് ക്ലസ്റ്റര്‍?

ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ച് അപ്രതീക്ഷിതമായി വന്‍തോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് അതിനെ ക്ലസ്റ്റര്‍ ആയി തിരിക്കുന്നത്. ഉറവിടമറിയാത്ത ഒരു കേസെങ്കിലും ഉള്ളതും ആ പ്രദേശത്ത് രണ്ടില്‍ കൂടുതല്‍ കേസുകള്‍ പരസ്പര ബന്ധമില്ലാത്തതും ഉണ്ടെങ്കില്‍ അതിനെ അടിസ്ഥാനമാക്കിയാണ് ക്ലസ്റ്ററിന്റെ കോണ്ടാക്ട് ട്രെയിസിംഗ് തുടങ്ങുന്നത്.

അതൊരു മാര്‍ക്കറ്റോ, ആശുപത്രിയോ, തീരദേശമോ, സ്ഥാപനമോ, വാര്‍ഡോ, പഞ്ചായത്തോ, ട്രൈബല്‍ മേഖലയോ ഒക്കെയാകാം. ആ പ്രത്യേക മേഖലയില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവരിലായിരിക്കും കൂട്ടത്തോടെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാവുക.

ക്ലസ്റ്റര്‍ മാനേജ്‌മെന്റ് വളരെ പ്രധാനം.

കോവിഡ് രോഗബാധിതരെ നേരത്തെ കണ്ടെത്തി ക്ലസ്റ്ററുകളായി തിരിച്ച് പ്രവര്‍ത്തനം ശക്തമാക്കിയില്ലെങ്കില്‍ സമൂഹ വ്യാപനത്തിലേക്ക് പോകാം. അതിനാല്‍ തന്നെ ക്ലസ്റ്റര്‍ മാനേജ്‌മെന്റ് വളരെ പ്രധാനമാണ്. ഒരു പ്രദേശത്തെ ക്ലസ്റ്റര്‍ ആക്കിക്കഴിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത് റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) സജ്ജമാക്കുക എന്നതാണ്. ജെ.എച്ച്.ഐ., ജെ.പി.എച്ച്.എന്‍, ആശാവര്‍ക്കര്‍, വാര്‍ഡ് മെമ്പര്‍, വോളണ്ടിയന്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീക്കാര്‍ എന്നിവരടങ്ങുന്നതാണ് ഈ സംഘം. എച്ച്.എസ്., എച്ച്.ഐ., പി.എച്ച്.എന്‍, എല്‍.എച്ച്.ഐ. എന്നിവര്‍ ഇവരെ സൂപ്പര്‍വൈസ് ചെയ്യുന്നതായിരിക്കും.

കണ്‍ട്രോള്‍ റൂം

ഒരു പ്രദേശത്തെ ക്ലസ്റ്ററാക്കിയാല്‍ ഏറ്റവും പ്രധാനമാണ് കണ്‍ട്രോള്‍ റൂം. ഈ കണ്‍ട്രോള്‍ റൂമിന്റെ നേതൃത്വത്തിലായിരിക്കും ക്ലസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മേല്‍നടപടികള്‍ സ്വീകരിക്കുന്നത്. രോഗ വ്യാപനം ഉണ്ടാകാതിരിക്കാന്‍ ആ പ്രദേശത്തെ കണ്ടൈന്‍മെന്റ് സോണായി തിരിക്കുന്നു. അവിടെ ലോക് ഡൗണ്‍ ആക്കി ജനങ്ങളുടെ ഇടപെടലുകള്‍ പരമാവധി കുറച്ച് ക്വാറന്റൈനിലാക്കുന്നു.

ക്ലസ്റ്റര്‍ നിയന്ത്രണ രൂപരേഖ

ക്ലസ്റ്ററില്‍ ഏറ്റവും പ്രധാനമാണ് കോണ്ടാക്ട് ട്രെയിസിംഗ്, ടെസ്റ്റിംഗ്, ഐസൊലേഷന്‍ എന്നിവയടങ്ങിയ ക്ലസ്റ്റര്‍ രൂപരേഖ. ഇതിന്റെ ഭാഗമായി ആര്‍.ആര്‍.ടി. ടീമിനെ ഫീല്‍ഡിലിറക്കി സമ്പര്‍ക്കം കണ്ടെത്തുന്നതിന് കോണ്ടാക്ട് ട്രെയിസിംഗ് നടത്തുന്നു. ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് പ്രൈമറി, സെക്കന്ററി കോണ്ടാക്ടുള്ളവരെ കണ്ടെത്തി ആ പ്രദേശത്ത് പരമാവധി പരിശോധനകള്‍ നടത്തുന്നു. ഇതില്‍ പോസിറ്റീവായവരെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുന്നു. നെഗറ്റീവായവരെ ക്വാറന്റൈനിലാക്കുന്നു. തീരദേശ മേഖലകളില്‍ കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിനാല്‍ ഈ മേഖലയ്ക്ക് പ്രത്യേക ക്ലസ്റ്റര്‍ നിയന്ത്രണ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ക്ലസ്റ്ററുകളടങ്ങിയ പ്രദേശത്തെ പ്രത്യേക സോണായി തിരിച്ച് നടപടി സ്വീകരിച്ചുവരുന്നു.

മലയോര മേഖലയില്‍ പ്രത്യേകിച്ച് ആദിവാസി ജനസമൂഹത്തിനി ടയില്‍ കോവിഡ് എത്തിച്ചേരാതെ നോക്കേണ്ടതുണ്ട്. നല്ല ജാഗ്രത കാണിച്ചെങ്കില്‍ മാത്രമേ അത് സാധിക്കുകയുള്ളൂ. ട്രൈബല്‍ മേഖലയ്ക്ക് വേണ്ടി പ്രത്യേക കോവിഡ് നിയന്ത്രണ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതേപോലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളിലെ കോളനികളിലും ഫ്‌ളാറ്റുകളിലും കോവിഡ് പടരാതിരിക്കാന്‍ പുറത്ത് നിന്ന് ആളുകള്‍ ഇവിടേക്ക് കടന്ന് ചെല്ലാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ബഹുജനങ്ങളും ഒറ്റക്കെട്ടായി ഇടപെട്ടാല്‍ മാത്രമേ അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ.

ബോധവത്ക്കരണം

ശക്തമായ ബോധവത്ക്കരണമാണ് ഏറ്റവും വലിയ പ്രതിരോധം. ഈ പ്രദേശത്തുള്ളവര്‍ എല്ലാവരും എപ്പോഴും മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കഴുകണം. മാസ്‌കില്ലാതെ സംസാരിക്കാനോ, ചുമയ്ക്കാനോ, തുമ്മാനോ പാടില്ല. ഈ മേഖലയിലുള്ള ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കേണ്ടതാണ്.

ക്ലസ്റ്റര്‍ മാറുന്നതെങ്ങനെ?

ഒരു പ്രദേശത്ത് അവസാനത്തെ പോസിറ്റീവ് കേസ് വന്ന ശേഷം 7 ദിവസം പുതിയ കേസ് ഇല്ലെന്ന് ഉറപ്പാക്കിയാലേ ആ മേഖലയെ ക്ലസ്റ്ററില്‍ നിന്നും ഒഴിവാക്കുകയുള്ളൂ. കേരളം ഇതേവരെ തുടര്‍ന്ന ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരാതെ വന്നാല്‍ തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ കാണുന്നതുപോലെ പ്രതിദിന മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ എല്ലാവരും സഹകരിക്കനാമെന്നും ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button