ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്; നാല് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി ഉത്തരവ്
ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ നാല് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതിയുടെ നിർണായക വിധി. ഒന്നാം പ്രതിക്കെതിരായ വധശിക്ഷയും ഹൈക്കോടതി റദ്ദാക്കി. നേരത്തെ സിബിഐ കോടതി രണ്ടുപേരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാൽ രണ്ടാമത്തെ പ്രതി ഇതിനകം മരിച്ചതിനാൽ, ഹൈക്കോടതി മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി. ആറു പൊലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികൾ.
കേസിൽ മതിയായ തെളിവുകൾ ഇല്ലെന്നും, സിബിഐ അന്വേഷണം ശരിയായ രീതിയിൽ നടന്നിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 2005 സെപ്റ്റംബർ 29-നാണ് സംഭവം നടന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുമ്പോൾ ഉദയകുമാറിന്റെ കൈയിൽ ഉണ്ടായിരുന്ന 4,000 രൂപ മോഷ്ടിച്ചതാണെന്നാരോപിച്ച് പൊലീസ് ക്രൂരമായി മർദിച്ചതിനെ തുടർന്നാണ് മരണം സംഭവിക്കുന്നത്. അന്നത്തെ ഫോർട്ട് എസ്ഐ ഇ. കെ. സാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് ഉദ്യോഗസ്ഥരാണ് ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് ഉദയകുമാറിനെയും സുഹൃത്ത് സുരേഷ് കുമാറിനെയും കസ്റ്റഡിയിലെടുത്തത്.
Tag: Udayakumar murder case: High Court orders acquittal of all four accused