ഭൂപതിവ് നിയമ ഭേദഗതി ചട്ടം മലയോര ജനതയ്ക്ക് വലിയ ആശ്വാസമെന്ന് മുഖ്യമന്ത്രി
ഭൂപതിവ് നിയമ ഭേദഗതി ചട്ടം മലയോര ജനതയ്ക്ക് വലിയ ആശ്വാസമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദശാബ്ദങ്ങളായി നിലനിന്നിരുന്ന ഭൂ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടാണ് മന്ത്രിസഭ ഭൂപതിവ് ചട്ട ഭേദഗതിക്ക് അംഗീകാരം നൽകിയത്. ഇനി സബ്ജക്ട് കമ്മിറ്റിയുടെ അനുമതി ലഭിച്ചാൽ ചട്ടം പ്രാബല്യത്തിൽ വരും.
ഇത് സർക്കാരിന്റെ പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്ദാനം നടപ്പിലാക്കുന്നതായാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. മലയോര മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് മന്ത്രിസഭ യോഗത്തിൽ വിശദമായ ചർച്ച നടന്നുവെന്നും, മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
പട്ടയ ഭൂമിയുടെ വകമാറ്റം ക്രമവൽക്കരിക്കുന്നതാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യം. ഇതിന് ഇന്ന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. രണ്ടാം ഘട്ട ഭേദഗതി പിന്നീട് കൊണ്ടുവരും. സർക്കാർ ഭൂമി പട്ടയം ലഭിച്ചവർക്ക് ഭൂവിനിയോഗത്തിൽ തടസമുണ്ടാകരുതെന്നതാണ് സർക്കാരിന്റെ നിലപാട്. താമസത്തിനായി ഉപയോഗിക്കുന്ന ഭൂമി സൗജന്യമായി ക്രമവൽക്കരിക്കും.
ഭൂമി ലഭിച്ചവർക്ക് നിർമ്മാണങ്ങളിലും കൈമാറ്റങ്ങളിലും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരം ലഭിക്കും. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഭൂപതിവ് നിയമ ഭേദഗതി നടപ്പിലാക്കുന്നത്. ഇതോടെ മലയോര ജനതയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം നിറവേറുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ജിഎസ്‌ടി സ്ലാബ് മാറ്റം സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടമുണ്ടാക്കുമെന്നും, അത് ക്ഷേമപദ്ധതികൾക്ക് തിരിച്ചടിയാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം നികത്താൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭൂപതിവ് ചട്ട ഭേദഗതി പ്രകാരം, പട്ടയ ഭൂമി വകമാറ്റിയാൽ ക്രമീകരിച്ച് നൽകാനുള്ള തടസം നീക്കപ്പെടുന്നു. 1500 ചതുരശ്ര അടി വരെയുള്ള നിർമ്മാണങ്ങൾ സൗജന്യമായി ക്രമപ്പെടുത്തി നൽകും. അപേക്ഷ ലഭിച്ചതിന് ശേഷം 90 ദിവസത്തിനകം ക്രമീകരണം പൂർത്തിയാക്കണം.
1500–3000 ച.അടി: ഭൂമിയുടെ ന്യായവിലയുടെ 5% ഫീസ്
3000–5000 ച.അടി: 10%
5000–10000 ച.അടി: 20%
10000–20000 ച.അടി: 40%
20000–40000 ച.അടി: 50%
ക്വാറികൾ: മുഴുവൻ ന്യായവില അടയ്ക്കണം
2023-ൽ ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലെ ഭൂഉടമകളുടെ ആവശ്യം പരിഗണിച്ച് ഭൂപതിവ് നിയമം ഭേദഗതി ചെയ്തിരുന്നെങ്കിലും, ചട്ടം പ്രാബല്യത്തിൽ വരാത്തതിനാൽ ആനുകൂല്യം ലഭിച്ചിരുന്നില്ല.
കൃഷി, വീടു നിർമ്മാണം എന്നിവയ്ക്കായി ലഭിച്ച ഭൂമിയിൽ കടകൾ, ചെറുകിട നിർമ്മാണങ്ങൾ തുടങ്ങിയവ ഉണ്ടായാലും ഇളവുകൾ നൽകി ക്രമവൽക്കരിക്കാനാണ് നിയമഭേദഗതിയുടെ പ്രധാന മാറ്റം. ഇടുക്കിയിലെ കർഷകരുടെയും രാഷ്ട്രീയ പാർട്ടികളുടെയും ആവശ്യം തുടർന്നാണ് 1960ലെ ഭൂപതിവ് നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തിയത്.
Tag: Chief Minister says Land Registration Act Amendment Act is a great relief for the hill people