കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ച മനേക ഗാന്ധി
കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ മൃഗാവകാശ പ്രവർത്തകയും ബിജെപി നേതാവുമായ മനേക ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച തുറന്ന കത്തിലാണ് അവർ വിമർശനം ഉന്നയിച്ചത്.
“കാട്ടുപന്നി ഉന്മൂലനം ദീർഘകാല നഷ്ടം ഉണ്ടാക്കുമെന്നും. അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തിന് വലിയ ദോഷഫലങ്ങൾ അനുഭവിക്കേണ്ടിവരും,” മനേക ഗാന്ധി മുന്നറിയിപ്പ് നൽകി. കാട്ടുപന്നികൾ ഇല്ലാതായാൽ കടുവകൾ ഭക്ഷണത്തിനായി വനങ്ങളിൽ നിന്ന് പുറത്തേക്കെത്തുകയും ആടുകളെയും പശുക്കളെയും ആക്രമിക്കുകയും മനുഷ്യർക്ക് ഇത് ഭീഷണിയാകുകയും ചെയ്യുമെന്നും മനേക ഗാന്ധി കത്തിൽ പറയുന്നു.
“ഒരു വർഷത്തിനുള്ളിൽ തന്നെ വന്യജീവികൾ ഇല്ലാതാകാൻ സാധ്യതയുണ്ട്. കാട്ടുപന്നികലെ ഇല്ലാതാക്കിയാൽ അഞ്ചു വർഷത്തിനുള്ളിൽ മുഴുവൻ വനവും നഷ്ടപ്പെടും. വനങ്ങൾ ഇല്ലാതായാൽ മഴ കേരളത്തെ മുക്കിക്കളയും. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും പേമാരിയും നിയന്ത്രിക്കാൻ കഴിയാതെ പോവും,” മനേക ഗാന്ധി മുന്നറിയിപ്പ് നൽകി.
മനുഷ്യ– വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനായി വനംവകുപ്പ് അടുത്തിടെ ഒരു കരട് നയരേഖ പുറത്തിറക്കിയിരുന്നു. “കാർഷിക പുനരുജ്ജീവനത്തിനും മനുഷ്യ–വന്യജീവി സംഘർഷ ലഘൂകരണത്തിനുമുള്ള ദൗത്യം” എന്ന പദ്ധതിയുടെ ഭാഗമായി കാട്ടുപന്നികളെ പൂർണ്ണമായും ഇല്ലാതാക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഓഗസ്റ്റ് 31ന് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി പദ്ധതി ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്.
Tag: Maneka Gandhi writes to CM against government’s decision to cull wild boars