പരിപാടിയ്ക്കിടെ കാർഡിയാക് അറസ്റ്റ് ; നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ
നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ. നിലവിൽ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലാണ്. ഞായറാഴ്ച രാത്രി കൊച്ചിയിലെ ഒരു ഹോട്ടലിൽ നടന്ന പരിപാടിക്ക് ശേഷം അപ്രതീക്ഷിതമായി തളർന്നു വീണ രാജേഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. കാർഡിയാക് അറസ്റ്റ് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് ആൻജിയോപ്ലാസ്റ്റി നടത്തിയെന്നും ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും റിപ്പോർട്ടുകൾ.
താരങ്ങൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ തുടങ്ങി അനേകം പേർ രാജേഷിന്റെ സുഖപ്രാപ്തിക്കായി പ്രാർത്ഥനകൾ പങ്കുവെക്കുകയാണ്. സുഹൃത്തും ചലച്ചിത്ര പ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ രാജേഷിന്റെ തിരിച്ചുവരവിനായി അഭ്യർത്ഥിച്ചു.
“നമ്മുടെ പ്രിയ കൂട്ടുകാരന് ഇപ്പോൾ അത്യാവശ്യമാണ് എല്ലാവരുടെയും പ്രാർത്ഥന. ഞായറാഴ്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനം അവൻ തളർന്നു വീണു. ഏകദേശം 15–20 മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തിച്ചെങ്കിലും വീഴുന്ന സമയത്ത് തന്നെ കാർഡിയാക് അറസ്റ്റ് ഉണ്ടായതായി ഡോക്ടർമാർ പറയുന്നു. തുടർന്ന് ആൻജിയോപ്ലാസ്റ്റി നടത്തി, എന്നാൽ ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തിലാണ്. ഇടയ്ക്കിടെ ചെറിയ പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും തലച്ചോറിന് സ്വൽപം ബാധിച്ചിട്ടുണ്ടാകാമെന്ന് ഡോക്ടർമാർ സൂചിപ്പിച്ചിട്ടുണ്ട്. സ്റ്റേജിൽ നിറഞ്ഞു നിന്നിരുന്ന ഒരാൾ ഇങ്ങനെ വെന്റിലേറ്ററിൽ കഴിയുന്നത് കാണാൻ വിഷമമാണ്. എങ്കിലും എല്ലാവരും ഒന്നിച്ച് പ്രാർത്ഥിച്ചാൽ അദ്ദേഹം വീണ്ടും എഴുന്നേറ്റു പഴയപോലെ സ്റ്റേജിൽ നിറഞ്ഞാടും. നമ്മുടെ സുഹൃത്തിനായി ശക്തമായ പ്രാർത്ഥനയും സ്നേഹവും വേണം. കൂടുതൽ പറയാൻ കഴിയുന്നില്ല… അവൻ തിരിച്ചുവരും, വന്നേ തീരും,” — പ്രതാപ് ജയലക്ഷ്മി കുറിച്ചു.
Tag: Actor and presenter Rajesh Keshav suffers cardiac arrest during event; condition critical