international newsLatest NewsWorld

തീരുവ തർക്കം ഒരുവശത്ത്, യുഎസ് കമ്പനിയുമായി നൂറുകോടി ഡോളറിന്റെ പ്രതിരോധ കരാറിലേക്ക് ഇന്ത്യ

ഇന്ത്യ–അമേരിക്ക ബന്ധം തീരുവ വിഷയത്തിൽ വഷളാകുമ്പോഴും, യുഎസ് കമ്പനി ജിഇയുമായി വൻ കരാർ ഒപ്പിടാൻ ഇന്ത്യ ഒരുങ്ങുകയാണ്. തേജസ് യുദ്ധവിമാനങ്ങളുടെ അത്യാധുനിക പതിപ്പായ എൽസിഎ മാർക്ക്–1എയ്ക്കായി 113 ജിഇ–404 എൻജിനുകൾ വാങ്ങുന്നതിനുള്ള കരാറാണ് അടുത്ത മാസം ഒപ്പിടുന്നത്. ചർച്ചകൾ അന്തിമഘട്ടത്തിലാണ് എന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.

തീരുവ തർക്കം രൂക്ഷമായതിനു ശേഷം ഇന്ത്യ യുഎസ് കമ്പനിയുമായി ഒപ്പിടുന്ന രണ്ടാമത്തെ പ്രതിരോധ കരാറാണിത്. വ്യോമസേനയ്ക്ക് 97 എൽസിഎ മാർക്ക്–1എ വിമാനങ്ങൾ കൂടി ലഭ്യമാക്കുന്നതിന് എച്ച്എഎലുമായി 62,000 കോടി രൂപയുടെ കരാർ നേരത്തെ ഒപ്പുവെച്ചിരുന്നു. അതിനുമുമ്പ് 83 വിമാനങ്ങൾക്ക് വേണ്ടിയുള്ള 99 എൻജിനുകൾ വാങ്ങാനും എച്ച്എഎലും ജിഇയും തമ്മിൽ കരാർ ഉണ്ടായിരുന്നു. ഇപ്പോഴത്തെ 113 എൻജിനുകൾ കൂടി ചേർന്നാൽ മൊത്തം 202 ജിഇ–404 എൻജിനുകൾ എച്ച്എഎൽ സ്വന്തമാക്കും. മിഗ്–21 വിമാനങ്ങളെ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനാലാണ് തേജസ് വിമാനങ്ങളുടെ വിന്യാസം വേഗത്തിലാക്കുന്നത്.

അതേസമയം, തീരുവ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ഒരാഴ്ചക്കിടെ നാല് തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചുവെന്ന റിപ്പോർട്ടും പുറത്തുവന്നു. എന്നാൽ, എല്ലാ തവണയും മോദി സംസാരിക്കാൻ വിസമ്മതിച്ച് കോളുകൾ നിരസിച്ചുവെന്നാണ് ജർമ്മൻ ദിനപത്രമായ ഫ്രാങ്ക്ഫർട്ടർ ആൽജെമൈൻ പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെയാണ് യുഎസ് കമ്പനിയുമായി നൂറുകോടി ഡോളറിന്റെ കരാർ ഒപ്പുവയ്ക്കുന്നതെന്നത് ശ്രദ്ധേയമായി മാറുന്നത്.

Tag: Tariff dispute aside, India signs $1 billion defense deal with US company

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button