keralaKerala NewsLatest News

താമരശ്ശേരി ചുരം റോഡിൽ മണ്ണിടിച്ചിൽ; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത നിയന്ത്രണം. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മണ്ണിച്ചിലുണ്ടായതിനെ തുടർന്നാണ് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയത്. അടിവാരം, വൈത്തിരി എന്നിവിടങ്ങളിലാണ് വാഹനങ്ങൾ തടയുന്നത്.
വയനാടിനെ കേരളത്തിലെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നാണ് താമരശ്ശേരി ചുരം. ചൊവ്വാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിൽ ഏകദേശം 20 മണിക്കൂറോളമാണ് ചുരത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടത്. വലിയ പാറക്കൂട്ടങ്ങളും മരങ്ങളും മണ്ണും റോഡിലേക്ക് പതിച്ചു. കൽപ്പറ്റ അഗ്നിരക്ഷാസേന, വൈത്തിരി പൊലീസ്, വനം വകുപ്പ്, ചുരം സംരക്ഷണ സമിതി, ഗ്രീൻ ബ്രിഗേഡ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവർ സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് റോഡ് വൃത്തിയാക്കി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. ആദ്യം വ്യൂ പോയിന്റിനടുത്ത് കുടുങ്ങിയ വാഹനങ്ങളെയും പിന്നീട് അടിവാരം ഭാഗത്തുള്ള വാഹനങ്ങളെയും കടത്തിവിട്ടു.

വലിയ മണ്ണിടിച്ചിൽ നീക്കം ചെയ്തെങ്കിലും, ചെറിയ കല്ലുകൾ ഇപ്പോഴും റോഡിലേക്ക് വീഴുന്നുണ്ട്. വാഹനങ്ങൾക്ക് സമീപത്തേക്ക് കല്ലുകൾ വീണ സംഭവങ്ങളുണ്ടായി. എന്നാൽ, ഇത് സംബന്ധിച്ച് വേണ്ടത്ര സുരക്ഷാ മുന്നറിയിപ്പുകൾ അധികൃതർ നൽകിയിട്ടില്ലെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ഗതാഗതക്കുരുക്കും ചുരത്തിൽ അനുഭവപ്പെടുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് മഴ വലിയ വെല്ലുവിളിയാകുന്നുണ്ട്.

ചുരത്തിൽ വീണ്ടും മണ്ണിടിച്ചിലുണ്ടാകുന്നത് തടയാൻ മണ്ണിടിഞ്ഞ ഭാഗത്ത് ലോഹവല സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ വയനാട് കളക്ടർ ഡി.ആർ. മേഘശ്രീ ഗതാഗത നിയന്ത്രണങ്ങൾ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ പരിശോധനയ്ക്ക് ശേഷം സ്ഥിതിഗതികളിൽ മാറ്റം വരുമെന്നാണ് പ്രതീക്ഷ.

Tag: Landslide on Thamarassery Churam Road; Traffic restrictions imposed

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button