ഊന്നുകൽ കൊലപാതകക്കേസ്; മുഖ്യപ്രതി മുഖ്യപ്രതി പിടിയിൽ, ഇന്ന് കോടതിയിൽ ഹാജരാക്കും

കോതമംഗലം ഊന്നുകൽ കൊലപാതകക്കേസിലെ മുഖ്യപ്രതി രാജേഷ് പൊലീസ് പിടിയിൽ. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശിനി ശാന്ത (61)യെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലേക്ക് ഒളിച്ചോടാൻ ശ്രമിക്കുന്നതിനിടെ എറണാകുളം മറൈൻഡ്രൈവിൽ വെച്ചാണ് കുറുപ്പുംപടി പൊലീസ് രാജേഷിനെ പിടികൂടിയത്. പിന്നീട് രാത്രിയോടെ പ്രതിയെ ഊന്നുകൽ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇന്ന് രാജേഷിനെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ മാസം 18-നാണ് ശാന്തയെ കാണാതായത്. അന്നേ ദിവസം തന്നെയാണ് കൊലപാതകവും നടന്നതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. രാജേഷിന്റെയും ശാന്തയുടെയും ഫോൺ സംഭാഷണങ്ങളും, സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായക തെളിവുകളായി. പ്രതി ഒളിവിൽ പോയതിന് ശേഷം കാറും ശാന്തയുടെ മോഷ്ടിച്ച സ്വർണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. നേര്യമംഗലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന രാജേഷ്, കൊലപാതകത്തിന് ശേഷം മൊബൈൽ ഫോൺ ഉപയോഗിക്കാതെയാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.
Tag: Oonnukal murder case; Main accused arrested, will be produced in court today