യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു; കെ.എം. അഭിജിത്തിനായി എ ഗ്രൂപ്പ് അബിൻ വർക്കിക്കായി ഐ ഗ്രൂപ്പും

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടർന്നുകൊണ്ടിരിക്കുകയാണ്. നേതാക്കൾ തമ്മിലുള്ള സമവായക്കുറവാണ് തീരുമാനം വൈകാൻ കാരണമായി കാണുന്നത്. കെ.എം. അഭിജിത്തിനെ അധ്യക്ഷനാക്കണം എന്ന നിലപാടിൽ എ ഗ്രൂപ്പ് ഉറച്ചുനിൽക്കുമ്പോൾ, അബിൻ വർക്കിക്കായി ഐ ഗ്രൂപ്പും സമ്മർദ്ദം തുടരുന്നു. ഒ.ജെ. ജനീഷിനെ പരിഗണിക്കണമെന്ന കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ വാദത്തെ ഇരു ഗ്രൂപ്പുകളും ശക്തമായി എതിർക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം വൈകുമെന്ന് സൂചന.
അബിൻ വർക്കിയെ സംസ്ഥാന അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് നാല് ജില്ലാ പ്രസിഡന്റുമാരുള്‍പ്പെടെ 40 ഭാരവാഹികൾ എ.ഐ.സി.സിക്ക് കത്തയച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ സമാന സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യങ്ങൾ. നിലവിലുള്ള ഭാരവാഹികളെ ഒഴിവാക്കി പുറത്തുനിന്ന് അധ്യക്ഷനെ കൊണ്ടുവരരുതെന്നും, അങ്ങനെ ചെയ്താൽ രാജി ഭീഷണിയുൾപ്പെടെ ആലോചിക്കാമെന്നും അബിൻ വർക്കി പക്ഷം മുന്നറിയിപ്പ് നൽകി.
ഇതിനിടെ തർക്കം തുടർന്നാൽ താൽക്കാലിക ചുമതല ബിനു ചുള്ളിയിലിന് നൽകാനുള്ള സാധ്യതയും ഉയർന്നിട്ടുണ്ട്. കെ.എം. അഭിജിത്തിനായുള്ള നീക്കവും ഇപ്പോഴും സജീവമാണ്. അരിതാ ബാബുവിനെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് വനിതാ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ അധ്യക്ഷ പ്രഖ്യാപനം ഉടൻ ഉണ്ടാകാൻ സാധ്യത കുറവാണ്.
Tag: Uncertainty over Youth Congress state president post continues; Group A for KM Abhijith, Group I for Abin Varki