സസ്‌പെൻസും ഭയവും നിറച്ച ടീസർ, മമ്മൂട്ടിയുടെ ശക്തമായ സ്ക്രീൻ സാന്നിധ്യം; കളങ്കാവൽ ടീസർ

മമ്മൂട്ടിയുടെ തിരിച്ചു വരവിനായി കാത്തിരുന്ന ആരാധകർക്ക് വലിയ പ്രതീക്ഷ പകർന്നു കൊണ്ടാണ് കളങ്കാവൽ ടീസർ പുറത്തിറങ്ങിയത്. സസ്‌പെൻസും ഭയവും നിറച്ച ടീസർ, മമ്മൂട്ടിയുടെ ശക്തമായ സ്ക്രീൻ സാന്നിധ്യം വീണ്ടും തെളിയിക്കുമെന്ന് ഉറപ്പുനൽകുന്നു. കൊല്ലുന്ന നോട്ടത്തോടെ അവസാനിക്കുന്ന ടീസർ, മഹാനടന്റെ മറ്റൊരു തകർപ്പൻ വില്ലൻ വേഷം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് സൂചിപ്പിക്കുന്നു. മമ്മൂട്ടിയോടൊപ്പം വിനായകൻ, അസീസ് നെടുമങ്ങാട് തുടങ്ങിയവരെയും ടീസറിൽ കാണാം. വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന വിനായകൻ മികച്ച പ്രകടനവുമായി വരുമെന്ന് ടീസർ സൂചന നൽകുന്നു.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് വേഫറർ ഫിലിംസാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് കുറുപ്പ് എന്ന ചിത്രത്തിന്റെ കഥയെഴുതി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ്, ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ജിഷ്ണു ശ്രീകുമാറിനൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ പുറത്തിറങ്ങുന്ന ഏഴാമത്തെ ചിത്രവുമാണ്.
ഫൈസൽ അലി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് മുജീബ് മജീദ്. പ്രവീൺ പ്രഭാകർ എഡിറ്റിങ് നിർവഹിക്കുന്നു. മമ്മൂട്ടി ഗ്രേ ഷേഡിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ.
വിനായകൻ ജയകൃഷ്ണൻ എന്ന പോലീസ് ഓഫീസർ ആയി എത്തുമ്പോൾ, മമ്മൂട്ടി സ്റ്റാൻലി ദാസ് എന്ന സീരിയൽ കില്ലറുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുവെന്നാണ് സൂചന. ജിബിൻ ഗോപിനാഥ് അവതരിപ്പിക്കുന്ന ആനന്ദ് എന്ന കഥാപാത്രവും ചിത്രത്തിൽ നിർണായകമാണ്.
Tag: Teaser filled with suspense and fear, Mammootty’s strong screen presence; Kalankaval teaser