അമേരിക്കയിലെ സ്‌കൂളിൽ വെടിവെപ്പ്; അക്രമിയുൾപ്പെടെ മൂന്ന് പേർ മരിച്ചു 20 പേർക്ക് പരിക്ക്

അമേരിക്കയിലെ മിനിയാപൊളിസിൽ കത്തോലിക്ക സ്‌കൂളിൽ നടന്ന വെടിവെപ്പിൽ അക്രമിയുൾപ്പെടെ മൂന്ന് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ എട്ട്, പത്ത് വയസുകാരായ കുട്ടികളുമുണ്ടെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. ആക്രമണത്തിന് ശേഷം പ്രതി ആത്മഹത്യ ചെയ്തുവെന്നും അധികൃതർ അറിയിച്ചു.
ബുധനാഴ്ച രാവിലെ മിനിയാപൊളിസിലെ അനൺസിയേഷൻ കത്തോലിക്ക സ്‌കൂളിൽ ആണ് സംഭവം നടന്നത്. രണ്ട് ദിവസം മുമ്പാണ് പുതിയ അധ്യായന വർഷം ഇവിടെ ആരംഭിച്ചത്. 395 വിദ്യാർത്ഥികൾ പഠിക്കുന്ന സ്വകാര്യ സ്‌കൂളിൽ രാവിലെ 8.15ന് നടന്ന പ്രാർത്ഥനയ്ക്കിടെ വെടിവെപ്പുണ്ടായി. കുട്ടികളും അധ്യാപകരും അടക്കം അനവധി പേർ അന്നെത്തന്നെ പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നതായി ഗവർണർ ടിം വാൾസ് സ്ഥിരീകരിച്ചു.
സംഭവത്തെ “ഭീതിജനകമായത്” എന്ന് മിനസോട്ട ഗവർണർ പ്രതികരിച്ചു. സംഭവസ്ഥലത്ത് പോലീസ്, എഫ്ബിഐ, സുരക്ഷാ ഏജൻസികൾ, ആംബുലൻസ് എന്നിവ എത്തി വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 1923 മുതൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിൽ പ്രീ-കിൻഡർഗാർട്ടൻ മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ മിനിയാപൊളിസിൽ നടന്ന വെടിവെപ്പുകളുടെ തുടർച്ചയായാണ് ഈ ആക്രമണമെന്നാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച ഹൈസ്‌കൂളിന് പുറത്തുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ നഗരത്തിലെ മറ്റൊരു വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതായും അധികൃതർ അറിയിച്ചു.
ഈ ദുരന്തത്തെ “അതീവ ദാരുണം” എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ കുറിച്ചു.
Tag: Shooting at school in America; Three people including the attacker dead, 20 injured