ഫുജി അഗ്നിപർവതം പൊട്ടിത്തെറിച്ചാൽ എന്ത് സംഭവിക്കും?; എഐ വിഡിയോ പുറത്തിറക്കി ടോക്കിയോ മെട്രോപൊളിറ്റൻ സർക്കാർ

ജപ്പാനിലെ ഫുജി അഗ്നിപർവതം പൊട്ടിത്തെറിച്ചാൽ എന്ത് സംഭവിക്കാമെന്നതിന്റെയൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിമുലേഷൻ വീഡിയോ പുറത്തിറക്കി ടോക്കിയോ മെട്രോപൊളിറ്റൻ സർക്കാർ. മുന്നറിയിപ്പില്ലാതെ തന്നെ വിസ്‌ഫോടനം നടക്കാമെന്ന മുൻ കരുതലോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങളിൽ ബോധവത്കരണവും പ്രതിരോധത്തിനുള്ള തയ്യാറെടുപ്പും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. എന്നാൽ, സമീപകാലത്ത് ഫുജി അഗ്നിപർവതം പൊട്ടിത്തെറിക്കാൻ സാധ്യതയില്ലെന്നും അധികൃതർ വ്യക്തമാക്കി.
വീഡിയോ പ്രകാരം, വിസ്‌ഫോടനം നടന്നാൽ മണിക്കൂറുകൾക്കുള്ളിൽ ടോക്കിയോയിൽ അഗ്നിപർവതചാരം വീഴാൻ തുടങ്ങും. 2 മുതൽ 10 സെന്റിമീറ്റർ വരെ ചാരവും, നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ 30 സെന്റിമീറ്റർ വരെ ചാരം അടിയുമെന്നും കണക്കുകൂട്ടുന്നു.
ഇത് ട്രെയിൻ സർവീസുകളും വിമാന ഗതാഗതവും തടസ്സപ്പെടുത്തും. റോഡുകളിൽ കാഴ്ച മങ്ങുകയും വഴുക്കലുണ്ടാകുകയും ചെയ്യും. നനഞ്ഞ ചാരം വൈദ്യുതി ലൈനുകൾക്ക് കേടുവരുത്തി വ്യാപകമായ വൈദ്യുതി മുടക്കത്തിനും, ഫോൺ–ഇന്റർനെറ്റ് സേവന തടസ്സങ്ങൾക്കും കാരണമാകാം.
ആരോഗ്യപരമായി, ചാരത്തിൽ നിന്നുള്ള മലിനീകരണം ശ്വാസകോശ രോഗികൾക്കും മുൻരോഗമുള്ളവർക്കും ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാം. കടകളിലെ ഭക്ഷണ സാധനങ്ങൾ വേഗത്തിൽ വിറ്റഴിഞ്ഞേക്കുമെന്നും, കുറഞ്ഞത് മൂന്ന് ദിവസത്തേക്കെങ്കിലും അവശ്യവസ്തുക്കൾ വീട്ടിൽ സൂക്ഷിക്കണം എന്ന് അധികൃതർ നിർദേശിക്കും.
30 സെന്റിമീറ്ററിലധികം ചാരം അടിഞ്ഞുകൂടുന്ന സാഹചര്യത്തിലാണ് ഒഴിഞ്ഞുപോകാൻ ശുപാർശ ചെയ്യുക, പ്രത്യേകിച്ച് തടി വീടുകൾ പോലുള്ള ദുർബലമായ കെട്ടിടങ്ങൾക്കടുത്ത്.
ഇത് “ഏറ്റവും മോശമായ സാഹചര്യങ്ങളുടെ ഒരു സിമുലേഷൻ” മാത്രമാണെന്ന് ടോക്കിയോ സർവകലാശാലയിലെ ദുരന്തനിയന്ത്രണ വിദഗ്ദ്ധൻ പ്രൊഫ. മെഗുറോ വ്യക്തമാക്കി. വീഡിയോയിൽ കാണിക്കുന്ന അവസ്ഥകൾ എല്ലായ്പ്പോഴും സംഭവിക്കണമെന്നില്ലെന്നും, മുന്നറിയിപ്പോ വിവരങ്ങളോ മതിയായ രീതിയിൽ നൽകിയിട്ടില്ലെന്ന വിമർശനം ഒഴിവാക്കാനാണ് സർക്കാർ മുൻകരുതലെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tag: What would happen if Mount Fuji erupted?; Tokyo Metropolitan Government releases AI video