അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവ്
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. തച്ചങ്കരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ തുടരന്വേഷണം നടത്താൻ സർക്കാർ നൽകിയ അനുമതിയും കോടതി റദ്ദാക്കി. നിയമപരമായ ദുരുദ്ദേശ്യത്തോടെയുള്ള ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചതെന്ന വിലയിരുത്തലിലാണ് ഹൈക്കോടതി ഇടപെട്ടത്. വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പുറപ്പെടുവിച്ചത്.
പ്രതിയുടെ ആവശ്യം അടിസ്ഥാനമാക്കി സർക്കാർ തുടരന്വേഷണത്തിന് അനുമതി നൽകിയത് വിചിത്രമാണെന്ന് കോടതി നിരീക്ഷിച്ചു. കുറ്റാരോപിതർക്കു സർക്കാർ അനുകൂലമായി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ, അത് നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങൾക്കും ജനവിശ്വാസത്തിനും വിരുദ്ധമാണെന്നും, ഇത്തരം നടപടി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
2021-ലാണ് താൻ നേരിടുന്ന വിജിലൻസ് കേസിൽ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ടോമിൻ തച്ചങ്കരി സർക്കാരിനെ സമീപിച്ചത്. തുടർന്ന് സർക്കാർ അദ്ദേഹത്തിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ, 2007-ൽ തന്നെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിരുന്ന ബോബി കുരുവിള, സർക്കാർ ഉത്തരവിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Tag: High Court orders former DGP Tomin Thachankary to face trial in disproportionate assets case