”ഗവർണർ ബില്ലുകൾ ആറുമാസത്തോളം തടഞ്ഞുവയ്ക്കുന്നത് ന്യായീകരിക്കാനാവില്ല”- ചീഫ് ജസ്റ്റിസ് ബി ആര് ഗവായി
ഗവർണർ ബില്ലുകൾ ആറുമാസത്തോളം തടഞ്ഞുവയ്ക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി വ്യക്തമാക്കി. രാഷ്ട്രപതി റഫറൻസ് സംബന്ധിച്ച വാദം കേൾക്കുന്നതിനിടെ കേന്ദ്രസർക്കാരിന്റെ വാദത്തിന് മറുപടിയായാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ഗവർണർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഒരു ഭരണഘടനാ സ്ഥാപനം സ്വന്തം ചുമതല നിർവഹിക്കാതെ പോയാൽ മറ്റൊരു ഭരണഘടനാ സ്ഥാപനം നിർദ്ദേശം നൽകാനാവില്ല” എന്നതാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
അതേസമയം, ഗവർണർ സർക്കാരിന്റെ ഉപദേശത്തിന് ബാധ്യതപ്പെട്ടവനാണ് എന്ന വാദം ഉയർത്തി രാഷ്ട്രപതി റഫറൻസിനെ എതിർക്കുന്നവരുടെ വാദവും കോടതിയിൽ തുടങ്ങി. നിയമസഭ രണ്ടാമതും പാസാക്കി അയക്കുന്ന ബില്ലുകൾ രാഷ്ട്രപതിക്ക് കൈമാറാനാവില്ല എന്നും എതിർഭാഗം വാദിച്ചു.
കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കിയ നിലപാടുപ്രകാരം, നിയമസഭകൾ പാസാക്കിയ ബില്ലുകൾ കൈകാര്യം ചെയ്യുന്നതിനിടെ രാഷ്ട്രപതിയുടെയോ ഗവർണറുടെയോ നടപടി മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ടാലും, സംസ്ഥാനങ്ങൾക്കു സുപ്രീംകോടതിയെ സമീപിച്ച് റിറ്റ് ഹർജി ഫയൽ ചെയ്യാനാവില്ല. ഭരണഘടനയിലെ ആർട്ടിക്കിൾ 32 പ്രകാരം സംസ്ഥാനങ്ങൾക്ക് റിറ്റ് അധികാരപരിധി ബാധകമാണോയെന്ന് വ്യക്തമാക്കണമെന്ന് സോളിസിറ്റർ ജനറൽ കോടതിയോട് അഭ്യർത്ഥിച്ചു.
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അതുൽ എസ്. ചന്ദുർക്കർ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് രാഷ്ട്രപതി റഫറൻസിലെ വാദങ്ങൾ പരിഗണിക്കുന്നത്.
Tag: “Governor’s withholding of bills for six months cannot be justified” – Chief Justice BR Gavai