കടകളിൽ ബില്ലടിക്കുമ്പോൾ മൊബൈൽ നമ്പർ ചോദിക്കുന്നത് നിയമപ്രകാരം കുറ്റകരം

സാധനങ്ങൾ വാങ്ങാൻ കടയിലെത്തുന്ന ഉപഭോക്താക്കളോട് ബില്ലടിക്കുന്ന സമയത്ത് മൊബൈൽ നമ്പർ ആവശ്യപ്പെട്ടാൽ ഇനി പണിപാളും . പുതിയ സ്വകാര്യതാ നിയമപ്രകാരം സാധനങ്ങൾ വാങ്ങുമ്പോൾ ബില്ലടിക്കാനായി മൊബൈൽ നമ്പർ ആവശ്യപ്പെടുന്നത് സ്വകാര്യലംഘനത്തിന്റെ പരിധിയിൽ വരുന്നതാണ് . ബിൽ ഓൺലൈനായി അയയ്ക്കാനോ ലോയൽറ്റി സ്കീമുകളിൽ ചേർക്കാനോ ഉപഭോക്താവിനെ നിർബന്ധിക്കാനാകില്ല. ഉപഭോക്താവ് നമ്പർ നൽകാൻ തയ്യാറായാലും പൊതുസ്ഥലത്ത് നമ്പർ ഉറക്കെ പറയുന്നതും നിയമപ്രകാരം കുറ്റകരമാണ്. മൊബൈൽ നമ്പർ വ്യക്തിയുടെ സ്വകാര്യതയുമായി അത്രയും ബന്ധപ്പട്ടിരിക്കുന്നുവെന്നും നിയമവിദഗ്ധർ പറയുന്നു. നമ്പർ ആവശ്യപ്പെട്ടാൽ എന്തിനാണ് ഉപയോഗിക്കുന്നതെന്നും , എത്രനാൾ സൂക്ഷിക്കും, എങ്ങനെയാണ് വിവരങ്ങൾ നശിപ്പിക്കുന്നതെന്നും എന്നതെല്ലാം വ്യക്തമായി പറയണം. വ്യാപാര സ്ഥാപനങ്ങൾക്ക് പുറമെ സന്ദർശക രേഖ സൂക്ഷിക്കുന്നയിടങ്ങളിലും ഹൗസിങ് സൊസൈറ്റികളിലും നിയമം ബാധകമാക്കും.. നമ്പർ നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ സാധനം കൊടുക്കാതിരുന്നാൽ കടയുടമക്കെതിരെ നിയമനടപടി സ്വീകരിക്കാം. ഡിജി യാത്ര പോലുള്ള അത്യാവശ്യ സേവനങ്ങൾക്ക് മാത്രമാണ് നമ്പർ നൽകേണ്ടത്. നമ്പർ നൽകാത്തവർക്ക് ഇമെയിൽ വഴിയോ പേപ്പർ ബില്ലായോ നൽകണം. മൊബൈൽ നമ്പർ അടക്കമുള്ള വിവരങ്ങൾ കൈമാറുന്നതും പരസ്യ സ്ഥാപനങ്ങൾക്ക് വിൽക്കുന്നതും കർശനമായി കുറ്റകരമാണെന്ന് നിയമം വ്യക്തമാക്കുന്നു.