”യുവ പ്രതിഭകളുടെ ഊർജമാണ് ഇന്ത്യയുടെ വികസനത്തിന് അടിസ്ഥാനം”; പ്രധാനമന്ത്രി
ഇന്ത്യയുടെ വളർച്ചാ യാത്രയിൽ ജപ്പാൻ പ്രധാന പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സെമികണ്ടക്ടർ മുതൽ സ്റ്റാർട്ടപ്പുകൾ വരെ വിവിധ മേഖലകളിൽ ഇന്ത്യയുടെ വിശ്വസ്ത കൂട്ടാളിയാണ് ജപ്പാനെന്നും അദ്ദേഹം പറഞ്ഞു. ടോക്കിയോയിൽ നടന്ന ഇന്ത്യ- ജപ്പാൻ സംയുക്ത സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജാപ്പനീസ് കമ്പനികൾ ഇതിനകം ഇന്ത്യയിൽ 40 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. 80 ശതമാനം കമ്പനികളും ഇന്ത്യയിൽ വികസനം തുടരാൻ ആഗ്രഹിക്കുന്നുവെന്നും, 75 ശതമാനം കമ്പനികൾ ഇതിനകം ലാഭത്തിലാണെന്നും മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 11 വർഷങ്ങൾക്കിടെ ഇന്ത്യയിൽ രാഷ്ട്രീയ-സാമ്പത്തിക സ്ഥിരതയും, നയങ്ങളിലെ സുതാര്യതയും ഉറപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ ഇന്ത്യയായെന്നും, ഉടൻ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബഹിരാകാശവും പ്രതിരോധവും ഉൾപ്പെടെയുള്ള ആധുനിക മേഖലകളിൽ ഇന്ത്യ ശക്തമായ കഴിവുകൾ നേടിയെടുത്തിട്ടുണ്ടെന്നും, യുവ പ്രതിഭകളുടെ ഊർജമാണ് ഇന്ത്യയുടെ വികസനത്തിന് അടിസ്ഥാനം എന്നും മോദി പറഞ്ഞു. മൂലധന നിക്ഷേപം ഇന്ത്യയിൽ വേഗത്തിൽ ഇരട്ടിയാകുന്നുണ്ടെന്നും, ലോകം ഇന്ത്യയെ പ്രതീക്ഷയോടെ നോക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tag: The energy of young talent is the foundation of India’s development”: Prime Minister