indiaLatest NewsNationalNews

സുപ്രീംകോടതിയിൽ രണ്ട് പുതിയ ജഡ്ജിമാർ കൂടി ചുമതലയേറ്റു; അലോക് ആരാധെയും വിപുൽ എം. പഞ്ചോളിയും

സുപ്രീംകോടതിയിൽ രണ്ട് പുതിയ ജഡ്ജിമാർ കൂടി ചുമതലയേറ്റു. ജസ്റ്റിസുമാരായ അലോക് ആരാധെയും വിപുൽ എം. പഞ്ചോളിയുമാണ് സത്യവാചകം ചൊല്ലിയത്. സുപ്രീംകോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായ് സത്യവാചകം ചൊല്ലിച്ചു. കൊളീജിയം ശുപാർശയിൽ വിയോജിച്ച ജസ്റ്റിസ് ബി. വി. നാഗരത്നയുൾപ്പെടെ എല്ലാ ജഡ്ജിമാരും ചടങ്ങിൽ പങ്കെടുത്തു. ഇതോടെ സുപ്രീംകോടതിയിലെ അംഗസംഖ്യ പരമാവധി 34 ആയി. നിലവിൽ സുപ്രീംകോടതിയിലെ ഏക വനിതാ ജഡ്ജി ജസ്റ്റിസ് ബി. വി. നാഗരത്നയാണ്.

ജസ്റ്റിസ് അലോക് ആരാധെ, ബോംബെ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നും, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നുമാണ് ഉയർത്തപ്പെട്ടത്. സീനിയോറിറ്റിയിൽ അഞ്ചാം സ്ഥാനത്തായിരുന്നു ജസ്റ്റിസ് അലോക് ആരാധെ, എന്നാൽ ജസ്റ്റിസ് പഞ്ചോളി 57-ാം സ്ഥാനത്തായിരുന്നു. സീനിയോറിറ്റിയിൽ മുന്നിലുള്ള വനിതാ ജഡ്ജിമാരെ മറികടന്നാണ് അദ്ദേഹത്തെ സുപ്രീംകോടതിയിലേക്ക് ഉയർത്തിയത്.

ജസ്റ്റിസ് പഞ്ചോളിയുടെ നിയമനത്തോടെയാണ് വിവാദങ്ങൾ ഉയർന്നത്. ഓൾ ഇന്ത്യ സീനിയോറിറ്റി പട്ടികയിൽ പിന്നിലാണെന്നും, ഗുജറാത്തിൽ നിന്നുള്ള മൂന്നാമത്തെ സുപ്രീംകോടതി ജഡ്ജിയാകുന്നതാണെന്നും, വനിതാ ജഡ്ജിമാരുടെ കുറവ് തുടരുകയാണെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് നാഗരത്ന കൊളീജിയം ശുപാർശയ്‌ക്കെതിരെ വിയോജിച്ചു. എങ്കിലും കൊളീജിയത്തിലെ നാലു ജഡ്ജിമാരുടെ പിന്തുണയോടെ നിയമനം അംഗീകരിക്കപ്പെട്ടു.

പഞ്ചോളിയുടെ നിയമനത്തെ ചൊല്ലിയുണ്ടായ വിവാദത്തിൽ, വിരമിച്ച ജഡ്ജി ജസ്റ്റിസ് അഭയ് എസ്. ഓഖ, നാഗരത്നയുടെ വിയോജനക്കുറിപ്പ് പുറത്തുവിടണം എന്ന ആവശ്യവുമായി രംഗത്തെത്തി. എന്നാൽ സുപ്രീംകോടതി അത് പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. ഇതോടെ നീക്കത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചു. പഞ്ചോളിയെ ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി മാറ്റിയത്, സുപ്രീംകോടതിയിലേക്ക് ഉയർത്താനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്ന ആരോപണവും ഉയർന്നു. കൊളീജിയം യോഗത്തിനിടെ ഇതു സംബന്ധിച്ച് ജസ്റ്റിസ് നാഗരത്ന ചോദ്യം ചെയ്തുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

Tag: Two new judges take charge in Supreme Court; Alok Aradhe and Vipul M. Pancholi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button