സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്തതിൽ പ്രകോപിതനായി യുവാവ് സുഹൃത്ത് പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു
ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജിൽ 20 കാരിയായ ബി.സി.എ വിദ്യാർത്ഥിനി സാക്ഷിയെ ക്രൂരമായി വധിച്ച സംഭവം നടന്നു. അയൽവാസിയും സുഹൃത്തുമായിരുന്ന മോഹിത് സിദ്ധാപാര (22)യാണ് കൊലപാതകത്തിന് പിന്നാലെ പൊലീസ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം അരങ്ങേറിയത്.
കച്ചിലെ എയർപോർട്ട് റിംഗ് റോഡിലെ ശങ്കർ കോളേജിൽ പഠിച്ചിരുന്ന സാക്ഷിയെ, ഹോസ്റ്റലിൽ നിന്ന് താമസ സ്ഥലത്തേക്ക് വിളിച്ചിറക്കിയാണ് മോഹിത് ആക്രമിച്ചത്. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തും കുത്തേറ്റു പരിക്കേറ്റു. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സാക്ഷിയെ രക്ഷിക്കാനായില്ല.
സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്തതിനെക്കുറിച്ച് വിശദീകരണം തേടിയാണ് മോഹിത് സാക്ഷിയെ വിളിച്ചത്. സംസാരത്തിനിടെ, തന്റെ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് സാക്ഷി പറഞ്ഞപ്പോൾ മോഹിത് പ്രകോപിതനായി. കൈയിൽ കരുതിയിരുന്ന കത്തി പുറത്തെടുത്ത് പെൺകുട്ടിയുടെ കഴുത്തറുത്തു കൊന്നുവെന്ന് പൊലീസ് പറഞ്ഞു. തടയാൻ ശ്രമിച്ച സുഹൃത്തും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിനു പിന്നാലെ മോഹിത് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ വലയത്തിൽ കുടുങ്ങി. സാക്ഷിയും മോഹിതും ഗാന്ധിധാമിലെ ഭാരത്‌നഗർ സ്വദേശികളാണ്. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവെങ്കിലും, അടുത്തിടെ സാക്ഷി ബന്ധം അവസാനിപ്പിക്കുകയും മോഹിത്തിനെ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
Tag: Young man kills girlfriend by slitting her throat after being blocked on social media