2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.8% ആയി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6.5% മാത്രമായിരുന്നു വളർച്ച.
ആഗോള തലത്തിലുള്ള പ്രതികൂല സാഹചര്യങ്ങൾക്കും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഇറക്കുമതിക്ക് 50% ടാരിഫ് ഏർപ്പെടുത്തി സൃഷ്ടിച്ച പ്രതിസന്ധികൾക്കും നടുവിലാണ് ഈ നേട്ടം കൈവന്നത്. പ്രതീക്ഷിച്ചത് 6.7% വളർച്ചയായിരുന്നുവെങ്കിലും, ഇന്ത്യക്ക് 7.8% വളർച്ച നേടാൻ കഴിഞ്ഞു – കഴിഞ്ഞ വർഷത്തേക്കാൾ 1.3% കൂടുതലും.
കഴിഞ്ഞ അഞ്ചു പാദങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ചയാണിത്. ഇതിന് മുൻപ് 2024 ജനുവരി-മാർച്ച് കാലയളവിലെ 8.4% വളർച്ചയാണ് റെക്കോർഡ്. ചൈനയുടെ 2025 ഏപ്രിൽ-ജൂൺ വളർച്ച 5.2% ആയതിനാൽ, ഇന്ത്യ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായ സ്ഥാനം നിലനിർത്തി.
സേവനമേഖലയും കാർഷികമേഖലയും പ്രകടിപ്പിച്ച മികച്ച വളർച്ചയാണ് സമ്പദ്വ്യവസ്ഥയെ കരുത്തേകിയത്. കഴിഞ്ഞ വർഷം ഏപ്രിൽ-ജൂൺ മാസങ്ങളിൽ യഥാക്രമം 6.8% , 1.5% ആയിരുന്നുവെങ്കിൽ, ഇത്തവണ സേവനമേഖല 9.3%, കാർഷികമേഖല 3.7% വളർന്നു. എന്നാൽ, നിർമാണമേഖലയിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 10.1% ആയിരുന്ന വളർച്ച, ഇത്തവണ 7.6% ആയി താഴ്ന്നു.
Tag: Indian economy grows despite global crisis