കണ്ണൂരിൽ വാടക വീട്ടിൽ സ്ഫോടനം; ചിന്നിചിതറ ശരീരാവശിഷ്ടങ്ങൾ, അപകടം ബോംബ് നിർമ്മാണത്തിനിടെയെന്ന് സംശയം
കണ്ണൂര്‍ കണ്ണപുരം കീഴറയിലെ ഒരു വീട്ടില്‍ പുലര്‍ച്ചെ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. വീടിനുള്ളില്‍ ശരീരാവശിഷ്ടങ്ങള്‍ ചിതറിയ നിലയിലാണ് കണ്ടെത്തിയത്. ഗോവിന്ദന് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. അദ്ദേഹം അത് അനൂപ് എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു.
രാത്രി രണ്ട് മണിയോടെയാണ് പൊട്ടിത്തെറി നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വലിയ ശബ്ദം കേട്ട് എത്തിയപ്പോള്‍ വീട് മുഴുവനും തകര്‍ന്ന നിലയിലായിരുന്നു. വീടിന്റെ ജനലുകളും വാതിലുകളും പറന്നു പോയി, ചെറിയൊരു ഭാഗം ഒഴികെ ബാക്കിയൊക്കെയും തകര്‍ന്നു. ഓടിട്ട വീടാണിത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം നടന്നതാകാമെന്നതാണ് പ്രദേശവാസികളുടെ സംശയം.
പോലീസ്, ഫയര്‍ഫോഴ്സ്, ഡോഗ് സ്ക്വാഡ് ടീമുകള്‍ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. വീടിന്റെ പരിസരത്ത് പൊട്ടാത്ത സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. വീടിന് മുന്നിലൂടെ ഇരുചക്രവാഹനങ്ങളില്‍ ആളുകള്‍ പതിവായി വന്നുപോകുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ വീട്ടില്‍ താമസിക്കുന്നവരെക്കുറിച്ച് പ്രദേശവാസികള്ക്കറിയിപ്പ് കൂടുതലൊന്നുമില്ല.
Tag: Explosion in rented house in Kannur; Body parts scattered, accident suspected to be during bomb making