കണ്ണൂരിലെ സ്ഫോടനം; വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

കണ്ണൂർ കീഴറയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ഫോടക വസ്തു നിയമപ്രകാരമാണ് നടപടി. ഉത്സവങ്ങൾക്ക് വലിയ തോതിൽ പടക്കം എത്തിച്ചു നൽകുന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സ്ഫോടനത്തിൽ മരിച്ചത് അനൂപിന്റെ തൊഴിലാളിയാകാമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. 2016-ൽ കണ്ണൂർ പൊടികുണ്ടിലെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിലെ പ്രതിയുമാണ് അനൂപ് മാലിക്. അതേസമയം, മരിച്ചത് കണ്ണൂർ മാട്ടൂൽ സ്വദേശിയാണെന്ന സൂചനയുണ്ടെങ്കിലും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പുലർച്ചെ രണ്ട് മണിയോടെയാണ് കീഴറയിലെ വീട്ടിൽ സ്ഫോടനം ഉണ്ടായത്. വീട് പൂർണ്ണമായി തകർന്നു, ശരീരാവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ്. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് കാരണം എന്നതാണ് പ്രാഥമിക നിഗമനം. ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ അനൂപും മറ്റൊരാളും വാടകയ്ക്ക് താമസിച്ചിരുന്നു. ഇവർ പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണെന്നാണ് വിവരം. അപകടവിവരം ലഭിച്ച ഉടൻ കണ്ണപുരം പൊലീസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
സ്ഫോടനം നടന്ന വീട്ടിൽ നിന്നും പൊട്ടാതെ കിടന്നിരുന്ന നാടൻ ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്. ബോംബ് സ്ക്വാഡിന്റെ പരിശോധനയും നടന്നു. ഇതോടെ ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന സംശയം ശക്തിപ്പെട്ടിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപ വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. ചില വീടുകളുടെ വാതിലുകൾ പൊട്ടിപ്പറക്കുകയും ചുമരുകളിൽ വിള്ളലുകൾ ഉണ്ടാകുകയും ചെയ്തു.
പുലർച്ചെ ഉണ്ടായ വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് നാട്ടുകാർ സംഭവം മനസിലാക്കിയത്. ശബ്ദത്തിന്റെ ആഘാതത്തിൽ സമീപവീടുകളുടെ ജനലുകൾ പൊട്ടിപ്പോയി. പുറത്തിറങ്ങി നോക്കിയപ്പോൾ പൊട്ടിത്തെറിച്ച വീട് നിലംപരിശായ നിലയിലായിരുന്നു. വീടിനുള്ളിൽ കയറി നോക്കിയപ്പോൾ ഒരാൾ മണ്ണിനടിയിൽ വീണ് കിടക്കുന്നതായി കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.
Tag: Kannur blast: Police register case against Anoop Malik, who rented the house