പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാൻ സന്ദർശനം രണ്ടാം ദിവസത്തിലേക്ക്; ജാപ്പനീസ് പ്രധാനമന്ത്രിയ്ക്കൊപ്പം ബുള്ളറ്റ് ട്രെയിനിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാൻ സന്ദർശനം രണ്ടാം ദിവസത്തേക്കു നീളുന്നു. ജാപ്പനീസ് പ്രധാനമന്ത്രി ഇഷിബയോടൊപ്പം മോദി ഇന്ന് സെൻഡായി നഗരത്തിലേക്ക് യാത്ര ചെയ്യുകയാണ്. അതിവേഗ ബുള്ളറ്റ് ട്രെയിനിലൂടെയാണ് ഇരുവരുടെയും യാത്ര. സെൻഡായിൽ എത്തുന്ന മോദി, പ്രമുഖ സെമികണ്ടക്ടർ പ്ലാന്റും ബുള്ളറ്റ് ട്രെയിൻ കോച്ച് നിർമ്മാണ കേന്ദ്രവും ഉൾപ്പെടെയുള്ള വ്യാവസായിക സ്ഥാപനങ്ങൾ സന്ദർശിക്കും.
ഇന്നലെ നടന്ന 15-ാമത് ഇന്ത്യ- ജപ്പാൻ ഉച്ചകോടിയിൽ സാമ്പത്തിക സുരക്ഷയെ കേന്ദ്രീകരിച്ച് അഞ്ച് പ്രധാന മേഖലകളിൽ ധാരണയിലെത്തിയിരുന്നു. ടോക്കിയോയിൽ നാഷണൽ ഗവർണേഴ്സ് അസോസിയേഷൻ അംഗങ്ങളുമായും മോദി ആശയവിനിമയം നടത്തി. 16 പ്രിഫെക്ചറുകളുടെ ഗവർണർമാർ പങ്കെടുത്ത യോഗത്തിൽ സാങ്കേതികവിദ്യ, നവീകരണം, നിക്ഷേപം, നൈപുണ്യം, സ്റ്റാർട്ടപ്പുകൾ, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ എന്നിവയിലൂടെ സഹകരണം ശക്തിപ്പെടുത്താനുള്ള സാധ്യതകൾ ചർച്ചയായി.
സെമികണ്ടക്ടറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നിർണായക ധാതുക്കൾ, ഊർജ്ജം എന്നീ മേഖലകളിൽ ഇന്ത്യ-ജപ്പാൻ സഹകരണം വിപുലപ്പെടുത്തും. ഇതിന്റെ ഭാഗമായി ജപ്പാൻ ഇന്ത്യയിൽ 10 മില്യൺ യെൻ നിക്ഷേപം നടത്തും. പ്രതിരോധ വ്യവസായ രംഗത്തും സഹകരണം കൂടുതൽ ശക്തിപ്പെടുത്താനാണ് തീരുമാനം. “അടുത്ത തലമുറയുടെ സുരക്ഷയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള പങ്കാളിത്തം” എന്ന പേരിൽ സംയുക്ത പ്രസ്താവനയും ഇരുരാജ്യ നേതാക്കൾ പുറത്തിറക്കി. ഇന്ന് വൈകിട്ട് മോദി ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലേക്ക് യാത്രതിരിക്കും.
Tag: PM Narendra Modi’s Japan visit extends to second day; Rides bullet train with Japanese PM