keralaKerala NewsLatest NewsUncategorized

”ഡല്‍ഹിയില്‍ മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം പൂര്‍ത്തിയാക്കിയതുപോലെ, വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി വീടുകളുടെ നിര്‍മാണവും പൂർത്തിയാക്കും”; പികെ ഫിറോസ്

ഡല്‍ഹിയില്‍ മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം പൂര്‍ത്തിയാക്കിയതുപോലെ, വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി വീടുകളുടെ നിര്‍മാണവും പാര്‍ട്ടി പൂര്‍ത്തിയാക്കുമെന്ന് മുസ്‌ലിം ലീഗ് യുവജന ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ഡല്‍ഹി ഓഫീസ് പോലെ തന്നെ, അതിനേക്കാള്‍ മനോഹരമായ വീടുകളാണ് വയനാട്ടില്‍ നിര്‍മ്മിക്കുക. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ജീവന്‍ രക്ഷപ്പെട്ടവര്‍ക്കു നല്‍കിയ വാക്ക് പാര്‍ട്ടി പാലിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. വീടുകളുടെ നിര്‍മാണം സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. ദുരന്തത്തിന്റെ ആദ്യ നിമിഷം മുതല്‍ തന്നെ ദുരിതബാധിതര്‍ക്കൊപ്പമുണ്ടായ പ്രസ്ഥാനം ഇനി എന്നും അവരോടൊപ്പം തുടരുമെന്നും, അവരുടെ വഴിയില്‍ തടസ്സം തീര്‍ക്കാന്‍ ശ്രമിക്കുന്നവരോട് കേരളം ഒരിക്കലും പൊറുക്കില്ലെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഡല്‍ഹിയിലെ മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത്, എല്ലാവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ബേസ്മെന്റടക്കം ആറ് നിലകളുള്ള ആധുനിക കെട്ടിടത്തില്‍ ദേശീയ ഭാരവാഹികള്‍ക്കായി ഓഫീസ് മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഡിജിറ്റല്‍ സംവിധാനമുള്ള ബോര്‍ഡ് റൂം, ലൈബ്രറി, ആര്‍ക്കൈവ്‌സ്, മീഡിയ റൂം, ഘടകങ്ങളുടെ ഓഫീസ് മുറികള്‍, ബെഡ്റൂമുകള്‍ എന്നിവ അടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. “ഇത് രേഖകളില്ലാത്ത കെട്ടിടമെന്നും പരിഹസിച്ചവരുടെയും സംശയം ഉയര്‍ത്തിയവരുടെയും മുന്നില്‍ ഇന്ന് അഭിമാനത്തോടെ നിലകൊള്ളുന്നത് മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരമാണ്” എന്നും പികെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.

പി കെ ഫിറോസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഡൽഹിയിലെ നമ്മുടെ ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനം കഴിഞ്ഞു. രാജ്യ തലസ്ഥാനത്ത് എത്തിച്ചേരുന്ന ഏതൊരാൾക്കും എളുപ്പത്തിലെത്താൻ കഴിയുന്ന മർമ്മപ്രധാനമായ സ്ഥലത്താണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ബേസ്മെൻ്റ് ഉൾപ്പടെ ആറു നിലകളുള്ള ഓഫീസിൽ ദേശീയ ഭാരവാഹികൾക്കുള്ള ഓഫീസ് റൂമുകൾ, കോൺഫറൻസ് ഹാൾ, ഡിജിറ്റൽ ഇൻ്ററാക്ഷൻ സംവിധാനമുള്ള ബോർഡ് റൂം, ലൈബ്രറി, ആർക്കൈവ്സ്, മീഡിയ റൂം, പോഷക ഘടകങ്ങൾക്കുള്ള ഓഫീസ് റൂമുകൾ, ബെഡ്റൂമുകൾ അടക്കം എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.

ഗൾഫാർ ഗ്രൂപ്പിൻ്റെ ഇന്ത്യയിലെ കൺസ്ട്രക്ഷൻ കമ്പനിയായ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഫാർ ഗ്രൂപ്പാണ് നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പ്രശസ്ത ആർക്കിടെക്റ്റ് ടോണിയുടെ മേൽ നോട്ടത്തിലുള്ള സ്തപതിയാണ് ഓഫീസിനെ ഏറ്റവും മനോഹരമാക്കിയത്.

പരിഹസിച്ചവരുണ്ട്. രേഖകളില്ലാത്ത കെട്ടിടമാണെന്ന് പറഞ്ഞ അൽപ്പൻമാരുണ്ട്. ഓഫീസ് യാഥാർത്ഥ്യമാവില്ലെന്ന് ദിവാസ്വപ്നം കണ്ടവരുണ്ട്. അവരുടെയെല്ലാം മുമ്പിൽ തല ഉയർത്തി നിൽക്കുകയാണ് ഡൽഹിയിലെ മുസ്‌ലിം ലീഗിൻ്റെ ആസ്ഥാന മന്ദിരം.

ഇനി വയനാട്ടിലേക്കാണ്.

നടക്കില്ലെന്ന് പറഞ്ഞ ഡൽഹിയിലെ ഓഫീസ് പൂർത്തിയായത് പോലെയോ അതിനേക്കാൾ മനോഹരമായോ വയനാട്ടിലെ വീടുകളുടെ നിർമ്മാണവും പാർട്ടി പൂർത്തിയാക്കും. മുണ്ടക്കൈയിലും ചൂരൽ മലയിലും ഉരുൾപൊട്ടിയപ്പോൾ ജീവൻ ബാക്കിയായവർക്ക് പാണക്കാട് തങ്ങൾ നൽകിയ വാക്ക് പാലിക്കും.

സപ്തംബർ ഒന്നാം തിയ്യതി നിർമ്മാണം ആരംഭിക്കുകയാണ്. മുടക്കാൻ നോക്കിയവരുണ്ട്. ദുരന്തമുണ്ടായതിന് ശേഷം ആദ്യമായി മുടക്ക് വക്കാലത്തുമായി വയനാട്ടിലേക്ക് വണ്ടി കയറിയവരുണ്ട്. ഇല്ലാ കഥകൾ പാടി നടന്നവരുണ്ട്.

ആരും ഒന്നും മറന്നിട്ടില്ല.

ദുരന്തബാധിതർക്കായി ആദ്യ നിമിഷം മുതൽ നിലയുറപ്പിച്ച പ്രസ്ഥാനം അവരോടൊപ്പം ഇനിയുമുണ്ടാകും. വിലങ്ങുതടിയാകാൻ വന്നവരോട് കേരളം പൊറുക്കില്ല.

Tag: “the construction of houses for the disaster victims in Wayanad will also be completed”; PK Firoz

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button