cricketLatest NewsNationalNewsSports

രാജസ്ഥാൻ റോയൽസിൽ വീണ്ടും നാടകീയ രം​ഗങ്ങൾ; രാഹുൽ ദ്രാവിഡ് ഫ്രാഞ്ചൈസി വിടുന്നു

രാജസ്ഥാൻ റോയൽസിൽ വീണ്ടും നാടകീയ രം​ഗങ്ങൾ. ക്യാപ്റ്റൻ സഞ്ജു സാംസൺ ടീമിൽ നിന്ന് മാറുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, പരിശീലകൻ രാഹുൽ ദ്രാവിഡ് ഫ്രാഞ്ചൈസി വിടുകയാണ്. കഴിഞ്ഞ സീസണിൽ ഒൻപതാം സ്ഥാനത്ത് എത്തിയതിനാലാണ് പരിശീലക സ്ഥാനത്ത് നിന്നും ദ്രാവിഡ് പിന്മാറുന്നതെന്നാണ് റിപ്പോർട്ടുകൾ. 2026 ഐപിഎലിൽ പുതിയ പരിശീലകനു കീഴിൽ ടീം കളിക്കാനിറങ്ങും. ഫ്രാഞ്ചൈസി വിപുലീകരണത്തിന്റെ ഭാഗമായി ദ്രാവിഡിന് ഉയർന്ന ചുമതലകൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും, അദ്ദേഹം അത് നിരസിച്ചതായി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം, അടുത്ത ഐപിഎലിൽ രാജസ്ഥാനിൽ കളിക്കില്ലെന്ന് സഞ്ജു സാംസൺ ഫ്രാഞ്ചൈസിയെ നേരത്തെ അറിയിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിനെ ടീമിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും, കരാറിലേക്കു കാര്യങ്ങൾ നീങ്ങാതെയായിരുന്നു. സഞ്ജുവിന്റെ ഭാവിയെ ചുറ്റിപറ്റി ചർച്ചകൾ നടക്കുന്നതിനിടെ ദ്രാവിഡിന്റെ രാജിയും വലിയ പ്രാധാന്യമാണ് നേടുന്നത്.

കഴിഞ്ഞ സീസണിൽ ദ്രാവിഡ് നടപ്പാക്കിയ ചില തന്ത്രങ്ങളിൽ സഞ്ജുവിന് അസ്വസ്ഥതയുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. മത്സരാനന്തര ടീം മീറ്റിങ്ങുകളിൽ ക്യാപ്റ്റൻ മാറിനിൽക്കുന്ന ദൃശ്യങ്ങൾ വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. 2024 ടി20 ലോകകപ്പ് വിജയത്തോടെ ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് പിന്മാറിയ ദ്രാവിഡ്, പിന്നീട് വീണ്ടും രാജസ്ഥാൻ റോയൽസിൽ തിരിച്ചെത്തിയിരുന്നു. ഒരിക്കൽ ടീം ക്യാപ്റ്റനും മെന്ററുമായും പ്രവർത്തിച്ച അനുഭവം അദ്ദേഹത്തിനുണ്ടായിരുന്നു.

എന്നാൽ, കഴിഞ്ഞ സീസൺ രാജസ്ഥാനത്തിന് നിരാശാജനകമായിരുന്നു. 14 മത്സരങ്ങളിൽ നാല് ജയവും പത്ത് തോൽവിയും മാത്രമാണ് നേടിയത്. എട്ട് പോയിന്റുമായി ഒൻപതാം സ്ഥാനത്തേക്ക് പതിക്കാൻ പ്രധാന കാരണം ദ്രാവിഡിന്റെ തന്ത്രങ്ങളാണെന്ന് വിമർശനമുയർന്നിരുന്നു. സീസണിൽ ഒൻപത് മത്സരങ്ങളിൽ മാത്രം കളിച്ച സഞ്ജു പരുക്കിനെ തുടർന്ന് പുറത്തായപ്പോൾ, റിയാൻ പരാഗിനെ ക്യാപ്റ്റനാക്കിയെങ്കിലും പ്രതീക്ഷിച്ച ഫലം കിട്ടിയില്ല.

Tag: Dramatic scenes again in Rajasthan Royals; Rahul Dravid leaves the franchise

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button