keralaKerala NewsLatest News

അവിട്ടാഘോഷ പരിപാടിയുടെ ഉദ്ഘാടന ചുമതലയിൽ നിന്നും എം.എൽ.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റി; പകരം ഡെപ്യൂട്ടി സ്പീക്കർ

അയ്യങ്കാളി ജയന്തിയുടെ അവിട്ടാഘോഷ പരിപാടിയുടെ ഉദ്ഘാടന ചുമതലയിൽ നിന്നും എം.എൽ.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റി. പകരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനാണ് ചുമതല നൽകിയിരിക്കുന്നത്. സെപ്റ്റംബർ 6-ന് കുളനടയിൽ നടക്കുന്ന പരിപാടിക്കായുള്ള പുതിയ പോസ്റ്ററിൽ ചിറ്റയം ഗോപകുമാറിനെ ഉദ്ഘാടകനായി ഉൾപ്പെടുത്തിയിട്ടുണ്ട്. കെപിഎംഎസ് കുളനട യൂണിയനാണ് പരിപാടിയുടെ സംഘാടകർ. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിനെ ഒഴിവാക്കിയതെന്നാണ് വിവരം.

ലൈംഗികാരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്ന രാഹുലിനെ, പാലക്കാട് നഗരസഭയും പൊതുപരിപാടികളിൽ നിന്നും വിലക്കിയിരുന്നു. നഗരത്തിലെ ബസ് സ്റ്റാൻഡ് ഉദ്ഘാടന പരിപാടിയിൽ മുഖ്യാതിഥിയാകാൻ നിശ്ചയിച്ചിരുന്ന രാഹുലിനെ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്ത് നൽകുകയും ചെയ്തിരുന്നു.

അതേസമയം, ഗുരുതര ആരോപണങ്ങൾ നിലനിൽക്കുന്നതിനിടയിലും രാഹുലിന് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന് ആരോപണങ്ങൾ ഉയരുന്നു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്നും രാഹുലിനെ വിലക്കിയിട്ടില്ലെന്നും, സഭയ്ക്കുള്ളിൽ ഭരണപക്ഷം പ്രതിഷേധിക്കുമോ എന്ന് കാത്തിരിക്കാമെന്നുമായിരുന്നു യുഡിഎഫ് ചെയർമാൻ എം.എം. ഹസ്സന്റെ പ്രതികരണം.

യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, രാഹുലിന് അനുകൂലമായി പ്രതികരിച്ച്, “ആരോപ്പുകൾക്കെതിരെ എല്ലാവർക്കും നീതി ലഭിക്കണം, അതുപോലെ രാഹുലിനും നീതി ഉറപ്പാക്കണം. മറുവശത്തുള്ളവർക്കെതിരെയും സമാന ആരോപണങ്ങൾ ഉണ്ട്” എന്ന് വ്യക്തമാക്കി. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടപടികൾ കൈക്കൊണ്ടതെന്നും, നിയമസഭാ സമ്മേളനത്തിൽ രാഹുല്‍ പങ്കെടുക്കുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

Tag: MLA Rahul Mangkoottathil removed from inauguration of avittam celebration ; Deputy Speaker replaces him

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button