international newsLatest NewsWorld

ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ ചൈനയിൽ; ബെയ്ജിങ്ങിലെ സെെനിക പരേഡിൽ പങ്കെടുക്കും

ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ ചൈനയിലെത്തി. ബെയ്ജിങ്ങിൽ നടക്കാനിരിക്കുന്ന സൈനിക പരേഡിൽ പങ്കെടുക്കാനാണ് കിംന്റെ സന്ദർശനം. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനവും 1930-40കളിൽ ജപ്പാനെതിരായ ചൈനയുടെ പ്രതിരോധ പോരാട്ടവും അനുസ്മരിക്കുന്നതിനായാണ് ഈ വൻപരേഡ് സംഘടിപ്പിച്ചിരിക്കുന്നത്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനിനും ഒപ്പം കിം ജോങ് ഉൻ വേദി പങ്കിടും. ഏകദേശം 26 ലോകനേതാക്കൾ പങ്കെടുക്കുമെന്നാണു റിപ്പോർട്ടുകൾ. ബുധനാഴ്ച ബെയ്ജിങ്ങിലെ ടിയാൻമെൻ സ്ക്വയറിലാണ് ചൈനയുടെ സൈനിക ശക്തി പ്രകടിപ്പിക്കുന്ന പരേഡ് നടക്കുക.

അമേരിക്ക പ്രധാന വെല്ലുവിളിയായി കാണുന്ന ഷി ജിൻപിങ്ങും, പുടിനും, കിം ജോങ് ഉന്നും ഒരേ വേദിയിൽ ഒരുമിക്കുന്നതു ആദ്യമായിരിക്കും. മൂന്നു നേതാക്കൾ തമ്മിൽ ത്രികക്ഷി ചർച്ചകൾ നടക്കാമെന്ന സൂചനകളുണ്ട്. റഷ്യയുമായുള്ള സൈനികബന്ധം ശക്തമായ കിം ജോങ് ഉൻ പുടിനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്ന സാധ്യതയും ഉണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ സൈനികരും ആയുധങ്ങളും നൽകി ഉത്തരകൊറിയ റഷ്യയെ സഹായിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ചൈനയുമായും ഉത്തരകൊറിയ അടുത്ത ബന്ധം തുടരുന്നുണ്ട്.

സ്വകാര്യ ട്രെയിനിലൂടെയാണ് കിം ജോങ് ഉൻ ചൈനയിലെത്തിയത്. വിദേശകാര്യ മന്ത്രി ചോ സൺ ഹുയി അടക്കമുള്ള ഉന്നതതല സംഘം അദ്ദേഹത്തിനൊപ്പം എത്തിയിട്ടുണ്ട്. 2019ന് ശേഷം ആദ്യമായാണ് കിം ജോങ് ഉൻ ചൈന സന്ദർശിക്കുന്നത്. 2011ൽ അധികാരത്തിലെത്തിയതിന് ശേഷം ഇത് അദ്ദേഹത്തിന്റെ അഞ്ചാമത്തെ ചൈന സന്ദർശനമാണ്. ഷാങ്ഹായി കോഓപ്പറേഷൻ സംഘടനയുടെ ഉച്ചകോടിയിലും ബെയ്ജിങ്ങിലെ പരേഡിലും പങ്കെടുക്കാനാണ് റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിനും കഴിഞ്ഞ ഞായറാഴ്ച ചൈനയിലെത്തിയത്.

Tag: North Korean Supreme Leader Kim Jong Un in China; Will Attend Military Parade in Beijing

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button