ഇന്ത്യ- അമേരിക്ക തീരുവ തർക്കം; പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന വിശ്വാസം പ്രകടിപ്പിച്ച് അമേരിക്കന്‍ ട്രഷറി സെക്രട്ടറി
തീരുവ വിഷയത്തില്‍ ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന വിശ്വാസം പ്രകടിപ്പിച്ച് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്. ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്ക്, റഷ്യയേക്കാളും ചൈനയേക്കാളും അമേരിക്കയോടാണ് കൂടുതല്‍ അടുപ്പമെന്നും അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബെസന്റിന്റെ പ്രതികരണം. നിലവില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങള്‍ ന്യൂഡല്‍ഹിയും വാഷിംഗ്ടണും ചേര്‍ന്ന് പരിഹരിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ബെസന്റ് കടുത്ത വിമര്‍ശനം ഉന്നയിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഷാങ്ഹായി ഉച്ചകോടിയില്‍ നടന്ന ആ കൂടിക്കാഴ്ചയെ “പ്രകടനാത്മകം” എന്നായിരുന്നു ബെസന്റിന്റെ വിലയിരുത്തൽ. ഇന്ത്യയും അമേരിക്കയും, ലോകത്തിലെ പ്രധാന ശക്തികളായ രണ്ടു രാജ്യങ്ങളായതിനാല്‍, തമ്മിലുള്ള പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുകയും പരസ്പര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ ഉറപ്പു നല്‍കിയെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇന്ത്യ-ചൈന-റഷ്യ നേതാക്കളുടെ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ട്രംപിന്റെ ഈ പ്രസ്താവന. ട്രംപിന്റെ തീരുവ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ദൃഢമായിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരാനാണെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പുടിനെ അറിയിച്ചിട്ടുമുണ്ട്.
Tag: India-US tariff dispute; US Treasury Secretary expresses confidence that issues can be resolved