നെഹ്‌റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം; പ്രതിഷേധവുമായി പുന്നമട ബോട്ട് ക്ലബ്ബ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി
നെഹ്‌റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദത്തിൽ ബോട്ട് ക്ലബ്ബുകൾ പ്രതിഷേധവുമായി രംഗത്തെത്തി. രണ്ടാം സ്ഥാനം നേടിയ പുന്നമട ബോട്ട് ക്ലബ്ബ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മൂന്നാം സ്ഥാനത്തെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ പരാതിയെ തുടര്‍ന്നാണ് ഔദ്യോഗിക ഫലപ്രഖ്യാപനം താത്കാലികമായി നിർത്തിവച്ചത്.
ചില ചുണ്ടൻ വള്ളങ്ങളുമായി ബന്ധപ്പെട്ടാണ് പ്രധാന പരാതികൾ ഉയർന്നിരിക്കുന്നത്. അനുവദനീയമായതിനേക്കാൾ അധികം മറ്റ് സംസ്ഥാനങ്ങളിലെ തുഴച്ചിലുകാരെ ഉൾപ്പെടുത്തിയതും, തടിത്തുഴ, ഫൈബർ തുഴ എന്നിവ ചട്ടവിരുദ്ധമായി ഉപയോഗിച്ചതുമാണ് ആരോപണങ്ങൾ. ഇതിനെതിരെ പള്ളാത്തുരുത്തി ഉൾപ്പെടെ നിരവധി ക്ലബ്ബുകൾ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഇതിനകം പത്തിലധികം പരാതികൾ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടുണ്ടെന്ന് കളക്ടർ അലക്‌സ് വർഗീസ് അറിയിച്ചു. ഓണത്തിന് ശേഷം എല്ലാ പരാതികളും പരിശോധിച്ച് തീർപ്പാക്കുമെന്നും, അതിന് ശേഷമേ അന്തിമ ഫലപ്രഖ്യാപനം ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫലപ്രഖ്യാപനത്തിലെ ഈ വൈകിപ്പ് വരാനിരിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിനും പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ടെന്നാണ് സൂചന.
Tag: Controversy over second place in Nehru Trophy boat race; Punnamada Boat Club files complaint with District Collector in protest