keralaKerala NewsLatest News

ഇനി വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ അടയ്ക്കാം; മൾട്ടി ലെയിൻ ഫ്രീ ഫ്ലോ സംവിധാനവുമായി ദേശീയപാത അതോറിറ്റി

രാജ്യത്തെ ദേശീയപാതകളിൽ ഇനി വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ അടയ്ക്കാനാകുന്ന സംവിധാനം എത്തുന്നു. മൾട്ടി ലെയിൻ ഫ്രീ ഫ്ലോ (MLFF) സംവിധാനമാണ് മാർച്ചിനകം നടപ്പാക്കിത്തുടങ്ങുക എന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി.

ആദ്യഘട്ടമായി 25 ടോൾപ്ലാസകളിൽ പദ്ധതി ആരംഭിക്കും. എൻ.എച്ച് 66 വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം അടുത്ത ഘട്ടത്തിൽ കേരളത്തിലും സംവിധാനം വ്യാപിപ്പിക്കും. MLFF സംവിധാനം വഴി വാഹനം കടന്നുപോകുമ്പോൾ ഫാസ്റ്റാഗ് അക്കൗണ്ടിൽ നിന്ന് നേരിട്ട് ടോൾ തുക പിടിച്ചെടുക്കും. ഇതിനായി ഉയർന്ന ശേഷിയുള്ള സെൻസറുകളും ക്യാമറകളും സ്ഥാപിക്കും. വാഹനങ്ങളുടെ നമ്പർ തിരിച്ചറിയാൻ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കും.

ഇപ്പോൾ പ്രചാരത്തിലുള്ളതിനേക്കാൾ മെച്ചപ്പെട്ട റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനം ഉപയോഗിക്കുന്നതിനാൽ ഫാസ്റ്റാഗ് വിവരങ്ങൾ മില്ലി സെക്കൻഡുകൾക്കുള്ളിൽ തന്നെ തിരിച്ചറിയും. അപ്പോൾ തന്നെ ഫാസ്റ്റാഗിൽ നിന്ന് തുക ഈടാക്കും. പദ്ധതി നടപ്പിലായാൽ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം പാറശാല വരെ യാത്ര ചെയ്യുന്നവർക്ക് ടോൾ അടയ്ക്കാൻ എവിടെയും വാഹനം നിർത്തേണ്ടി വരില്ല. തടസ്സരഹിതമായ യാത്രയും ഇന്ധനലാഭവും MLFF ലക്ഷ്യമിടുന്ന പ്രധാന നേട്ടങ്ങളാണ്. രാജ്യത്ത് പദ്ധതി ആദ്യം നടപ്പാക്കുന്നത് ഗുജറാത്തിലെ ചോര്യാസി ഫീ പ്ലാസയിലാണ് എന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.

Tag: Now vehicles can pay toll without stopping; National Highways Authority introduces multi-lane free flow system

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button