കോപ്പിയടിച്ചതിന് വ്യാജ പീഡനക്കേസ്; പത്ത് വർഷം കഴിഞ്ഞ് അധ്യാപകനെ വെറുതെവിട്ട് കോടതി
മൂന്നാര്‍ ഗവൺമെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെതിരെ വിദ്യാർത്ഥിനികൾ നൽകിയ പീഡനക്കേസിൽ പത്ത് വർഷത്തിന് ശേഷം നീതി. തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
2014 ഓഗസ്റ്റിൽ നടന്ന എം.എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടി പിടികൂടിയതിന്റെ പ്രതികാരമായാണ് എസ്എഫ്‌ഐ അനുഭാവികളായ ചില വിദ്യാർത്ഥിനികൾ വ്യാജ പരാതി നൽകിയത് എന്നാണ് ആനന്ദ് വിശ്വനാഥന്റെ ആരോപണം. “ചെയ്തിട്ടില്ലാത്ത കുറ്റത്തിനായി ഒരുദശാബ്ദത്തിലേറെ സഹിക്കേണ്ടി വന്നത് വലിയ വേദനയായിരുന്നു. ഒടുവിൽ കോടതി സത്യം തിരിച്ചറിഞ്ഞത് ആശ്വാസം നൽകി. ഒരു അധ്യാപകനും ഇനി ഇത്തരം അനുഭവം നേരിടേണ്ടിവരരുത്,” എന്ന് അദ്ദേഹം പറഞ്ഞു.
തന്നെ കുടുക്കാൻ കോളേജ് പ്രിൻസിപ്പലും മുൻ ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രനും കൂട്ടുനിന്നുവെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാർത്ഥിനികളുടെ പരാതി മൂന്നാറിലെ സിപിഐഎം ഓഫിസിൽ തയ്യാറാക്കിയതാണെന്ന് സർവകലാശാല അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.
Tag: Fake harassment case for plagiarism; Court acquits teacher after 10 years