ഓണക്കാല തിരക്ക് നിയന്ത്രിക്കാന്‍ 90 അധിക ബസുകള്‍; കര്‍ണാടക ആര്.ടി.സി.
ഓണക്കാലത്തെ യാത്രാദുരിതം കുറയ്ക്കുന്നതിനായി സ്ഥിര സര്‍വീസുകള്‍ക്ക് പുറമെ 90 അധിക സര്‍വീസുകള്‍ കൂടി ഓടിക്കാന്‍ കര്‍ണാടക ആര്.ടി.സി. തീരുമാനിച്ചു. ഇന്ന് മുതല്‍ ഉത്രാടദിനമായ സെപ്റ്റംബര്‍ 4 വരെ പ്രത്യേക സര്‍വീസുകള്‍ ഉണ്ടായിരിക്കും. തിരുവോണത്തിന് ശേഷമുള്ള മടക്കയാത്രയ്ക്കും പ്രത്യേക സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കെ.സി. വേണുഗോപാല്‍ എംപിയുടെ ഇടപെടലോടെയായിരുന്നു നടപടി. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി വേണുഗോപാല്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.
ട്രെയിനുകളില്‍ ആവശ്യത്തിന് ടിക്കറ്റ് ലഭിക്കാത്തതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര് ദുരിതമനുഭവിച്ചിരിക്കുകയായിരുന്നു. സ്വകാര്യ ബസുകള്‍ ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് വിറ്റഴിക്കുന്ന സാഹചര്യമുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.
മൈസൂരു റോഡ് ബസ് സ്റ്റേഷന്, ശാന്തിനഗര്‍ ബിഎംടിസി ബസ് സ്റ്റേഷന് എന്നിവിടങ്ങളില്‍നിന്ന് കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ ഉണ്ടായിരിക്കും. പ്രീമിയം കാറ്റഗറി ബസുകള്‍ ശാന്തിനഗര്‍ ബസ് സ്റ്റേഷനില്‍നിന്നായിരിക്കും പുറപ്പെടുക. മറ്റ് പ്രധാന നഗരങ്ങളിലേക്കും സര്‍വീസുകള്‍ ക്രമീകരിക്കുമെന്നും കര്‍ണാടക ആര്.ടി.സി. വ്യക്തമാക്കി.
എറണാകുളം, ചേര്‍ത്തല, ആലപ്പുഴ മേഖലയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ബസ് സ്റ്റേഷന് കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈനായും ടിക്കറ്റ് ലഭിക്കും. നാലോ അതിലധികമോ ടിക്കറ്റുകള്‍ ഒരുമിച്ച് ബുക്ക് ചെയ്താല്‍ 5% ഇളവും, ഇരുവശത്തേക്കുമുള്ള ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്താല്‍ 10% ഇളവും ലഭിക്കും. സെപ്റ്റംബര്‍ 7 മുതല്‍ മടക്കയാത്രയ്ക്കായി ഒരുക്കുന്ന സര്‍വീസുകള്‍ക്കും കര്‍ണാടക ആര്.ടി.സി. വെബ്സൈറ്റിലൂടെ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം. ഐരാവത് ക്ലബ് ക്ലാസ് എസി സെമി സ്ലീപ്പര്‍ ബസുകളാണ് സര്‍വീസിനായി വിന്യസിച്ചിരിക്കുന്നത്.
Tag: Karnataka RTC to operate 90 additional buses to control Onam rush