keralaKerala NewsLatest News

ആഗോള അയ്യപ്പ സംഗമത്തിന് യുഡിഎഫ് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ആഗോള അയ്യപ്പ സംഗമത്തിന് യുഡിഎഫ് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ അയ്യപ്പ ഭക്തരെ പരിഹസിക്കുന്നുവെന്നും. ശബരിമലയെ ഏറ്റവും സങ്കീർണമാക്കിയ രാഷ്ട്രീയ മുന്നണിയും പ്രസ്ഥാനവുമാണ് സിപിഐഎമ്മും എൽഡിഎഫും എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ സർക്കാർ അധികാരത്തിലെത്തിയതിനുശേഷമാണ് തീർഥാടനം പ്രതിസന്ധിയിലായത്. ആചാരലംഘനം ശരിയാണെന്ന് പറഞ്ഞ സിപിഐഎം ഇപ്പോൾ നിലപാട് മാറ്റിയോ എന്ന് വിഡി സതീശൻ ചോദിച്ചു. യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ട് ക്ഷണിച്ചാൽ മതിയെന്ന് അദ്ദേഹം വ്യക്തമാക്കി. നാമജപ ഘോഷയാത്രയ്ക്കെതിരായ കേസ് പിൻവലിക്കുമെന്ന് പറഞ്ഞിട്ട് നാലഞ്ച് വർഷമായി, എന്നാൽ ഇന്നുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

വർഗീയവാദികൾക്ക് വേദി ഒരുക്കുകയാണ് ആഗോള അയ്യപ്പ സംഗമമെന്ന് വിഡി സതീശൻ ആരോപിച്ചു. ഇത്തരം കാര്യങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും മനുഷ്യരുടെ സാമാന്യ യുക്തിയെ ചോദ്യം ചെയ്യുകയാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ വിശ്വാസത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കാപട്യത്തെയാണ് യുഡിഎഫ് വെളിപ്പെടുത്തുന്നതെന്നും പ്രതിപക്ഷത്തിന് അതിന്റെ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘാടക സമിതിയിൽ തന്റെ പേരും അനുവാദമില്ലാതെ ചേർത്തതായും വിഡി സതീശൻ വ്യക്തമാക്കി. ഇന്നലെ സംഘാടകർ ക്ഷണിക്കാൻ എത്തിയെങ്കിലും നേരിട്ട് അറിയിക്കാനോ സംസാരിക്കാനോ ശ്രമിച്ചില്ലെന്നും, വെറും കത്ത് നൽകി മടങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ പുറത്തുവിട്ട് ‘കാണാൻ അനുവദിച്ചില്ല’ എന്ന പ്രസ്താവന നടത്തിയത് മര്യാദകേടാണെന്നും വിമർശിച്ചു. ബഹിഷ്കരിക്കുമോ പങ്കെടുക്കുമോ എന്ന ചോദ്യം തന്നെ പ്രസക്തമല്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി. “ഇത് രാഷ്ട്രീയ സമ്മേളനം അല്ല, അതിനാൽ പങ്കെടുക്കുമോ ഒഴിവാക്കുമോ എന്ന ചർച്ചയ്ക്കും പ്രസക്തിയില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Tag: Opposition leader VD Satheesan says UDF will not cooperate with the global Ayyappa sangamam

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button